മുഖ്യമന്ത്രിയുടെ മകൾ വിചാരണ ചെയ്യപ്പെടുന്ന അപൂർവത; പാർട്ടി കോൺഗ്രസിനിടെ സിപിഎമ്മിനെ വെട്ടിലാക്കി‘മാസപ്പടി’; ഇ.ഡിയോ സിബിഐയോ?

തിരുവനന്തപുരം∙ മധുരയില്‍ പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നതിനിടെയാണ് മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഎമ്മിനെയും വെട്ടിലാക്കി വീണാ വിജയനെതിരായി സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസിന്റെ (എസ്എഫ്‌ഐഒ) അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് കേന്ദ്ര കമ്പനികാര്യ മന്ത്രാലയം അനുമതി നല്‍കിയിരിക്കുന്നത്. സേവനം ഒന്നും നല്‍കാതെ വീണാ വിജയന്‍ സിഎംആര്‍എല്ലില്‍നിന്ന് 2.70 കോടി കൈപ്പറ്റിയെന്നാണു കണ്ടെത്തല്‍. പ്രതികള്‍ക്കെതിരെ 10 വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ മകള്‍ ടി.വീണ, സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്ത, സിഎംആര്‍എല്‍ സിജിഎം പി.സുരേഷ് കുമാര്‍ അടക്കമുള്ളവര്‍ക്കെതിരെയാണ് പ്രോസിക്യൂഷന്‍ അനുമതി നല്‍കിയിരിക്കുന്നത്. സിഎംആര്‍എൽ, എംപവര്‍ ഇന്ത്യ എന്നീ കമ്പനികളിൽനിന്നാണ് വീണയും എക്‌സാലോജിക് കമ്പനിയും പണം കൈപ്പറ്റിയിരിക്കുന്നതെന്ന് എസ്എഫ്‌ഐഒ വ്യക്തമാക്കുന്നു. സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മകള്‍ വിചാരണ ചെയ്യപ്പെടുന്നുവെന്ന അപൂര്‍വത തദ്ദേശ തിരഞ്ഞെടുപ്പും നിയമസഭാ തിരിഞ്ഞെടുപ്പും ആസന്നമായിരിക്കെ പ്രതിപക്ഷകക്ഷികള്‍ ശക്തമായ പ്രചാരണ ആയുധമാക്കി മാറ്റുമെന്ന് ഉറപ്പാണ്.കൊച്ചിന്‍ മിനറല്‍ ആന്‍ഡ് റൂട്ടൈല്‍സ് കമ്പനി (സിഎംആര്‍എല്‍) എന്ന സ്വകാര്യ കമ്പനിയില്‍നിന്ന് വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊലൂഷ്യന്‍സ് എന്ന കമ്പനി നല്‍കാത്ത സേവനത്തിന് പ്രതിഫലം കൈപ്പറ്റിയെന്ന ഇൻകംടാക്സ് ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലാണ് മാസപ്പടി വിവാദത്തിനു തിരികൊളുത്തത്. 2017-2020 കാലയളവിലാണ് സിഎംആര്‍എല്‍. വീണയുടെ കമ്പനിക്ക് പണം നല്‍കിയതെന്നും ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് കണ്ടെത്തിയിരുന്നു. വീണയ്ക്കല്ല മുഖ്യമന്ത്രി പിണറായി വിജയനാണ് കമ്പനി പണം നല്‍കിയതെന്ന ആരോപണമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്.
Source link