അമ്മയ്ക്കും ആരോഗ്യ പ്രശ്നം; കുട്ടിക്ക് മതിയായി ചികിത്സ ലഭിക്കുന്നില്ലെന്ന് പരാതി; ആലപ്പുഴയിലേക്കു മാറ്റി

ആലപ്പുഴ∙ അപൂർവ രൂപമാറ്റത്തോടെ ജനിച്ച ശേഷം ഗുരുതരാവസ്ഥയിലായി 78 ദിവസം തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ കഴിഞ്ഞ കുഞ്ഞിനെ വീണ്ടും ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിന്റെ നില ഇപ്പോഴും അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണ്.ഇതിനിടെ കുഞ്ഞിന്റെ മാതാവ് സുറുമി അസുഖബാധിതയായി കഴിഞ്ഞദിവസം ആലപ്പുഴ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. മാതാവ് ആലപ്പുഴയിലായതിനാൽ കുഞ്ഞിന്റെ കാര്യങ്ങൾ നോക്കാനുള്ള സൗകര്യാർഥം ആലപ്പുഴയിലേക്ക് കുഞ്ഞിനെ മാറ്റണമെന്ന പിതാവ് അനീഷിന്റെ ആവശ്യപ്രകാരമാണ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുവന്നത്.എസ്എടി ആശുപത്രിയിൽ കുഞ്ഞിന് ആവശ്യമായ ചികിത്സ ലഭിക്കുന്നില്ലെന്ന് പിതാവ് അനീഷ് മുഹമ്മദ് ആരോപിച്ചിരുന്നു. നിരന്തരമായ ആശുപത്രി വാസവും മാനസിക സമ്മർദവും മൂലം മാതാവ് സുറുമി കഴിഞ്ഞ ശനിയാഴ്ച ആശുപത്രിയിൽ തലകറങ്ങി വീണു. എസ്എടി അധികൃതർ ആശുപത്രിയിൽ അഡ്മിറ്റാവാൻ നിർദേശിച്ചെങ്കിലും ആശുപത്രിയിൽ കിടക്ക ലഭ്യമല്ലെന്നും നിലത്ത് കിടക്കണമെന്നും അറിയിച്ചതോടെയാണ് ഡിസ്ചാർജ് വാങ്ങി സുറുമിയെ ആലപ്പുഴ ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്.
Source link