‘തൂലിക പടവാളാക്കിയവൻ’; മാപ്പില്ലെന്ന് ഉറപ്പിച്ച് മുരളി ഗോപിയുടെ പുതിയ പോസ്റ്റ്

‘എമ്പുരാൻ’ വിവാദത്തിൽ മുരളി ഗോപിയുടെ പ്രതികരണം അറിയാനുള്ള ആരാധകരുടെ കാത്തിരിപ്പിനിടെ സമൂഹമാധ്യമത്തിൽ പുതിയ കവർ ചിത്രം പങ്കുവച്ച് താരം. മഷിയും തൂലികയും ഉൾപ്പെടുന്ന ചിത്രമാണ് മുരളി ഗോപി കവർ ചിത്രമായി പോസ്റ്റ് ചെയ്തത്. വളരെ വേഗത്തിൽ മുരളി ഗോപിയുടെ കവർ ചിത്രം വൈറലായി. നിരവധി പേരാണ് കവർ ചിത്രത്തിന് കമന്റുകളുമായി രംഗത്തെത്തിയത്. ‘തൂലിക പടവാൾ ആക്കിയവൻ’, ‘വിറക്കാത്ത കയ്യും, ഒടിയാത്ത നട്ടെല്ലുമായി മുന്നോട്ട്.. മുന്നോട്ട്’, ‘വർഗീയതകെതിരെ ചലിക്കുന്ന ആ തൂലികയോട് എന്നും ബഹുമാനം’ എന്നിങ്ങനെ മുരളി ഗോപിക്ക് പിന്തുണയുമായി നിരവധി കമന്റുകളാണ് ചിത്രത്തിനു താഴെ പ്രത്യക്ഷപ്പെട്ടത്. ‘ഇനിയും ഞാൻ എഴുതും’ എന്നല്ലേ പോസ്റ്റ് കൊണ്ട് അർഥമാക്കുന്നതെന്ന് എന്നും ചിലർ കുറിച്ചു. എമ്പുരാന്റെ റിലീസിനു പിന്നാലെ വ്യാപകമായ സൈബറാക്രമണമാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ നേരിട്ടത്. എന്നാൽ, ‘എമ്പുരാൻ’ വിവാദത്തിൽ ഖേദപ്രകടനത്തിന് തിരക്കഥാകൃത്ത് മുരളി ഗോപി തയാറായിരുന്നില്ല. ഖേദം പ്രകടിപ്പിച്ചുള്ള മോഹൻലാലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് പൃഥ്വിരാജും ആന്‍റണി പെരുമ്പാവൂരും പങ്കുവച്ചിട്ടും മുരളി അവഗണിച്ചു. അതിനിടയിലാണ് മുരളി ഗോപിയുടെ പുതിയ പോസ്റ്റ്.
Source link