BUSINESS

പാലക്കാടു വഴി കൊച്ചി-ബെംഗളൂരു വ്യവസായ ഇടനാഴി; വിഴിഞ്ഞം തുറുപ്പുചീട്ട്, വരുന്നത് വികസനക്കുതിപ്പെന്ന് മന്ത്രി ബാലഗോപാൽ


തിരുവനന്തപുരം∙ കേരളത്തിന്റെ അടിസ്ഥാനസൗകര്യ, വ്യവസായ രംഗത്ത് വൻ വികസനക്കുതിപ്പാണ് വരുന്നതെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. എറണാകുളത്തു നിന്ന് പാലക്കാട്– കോയമ്പത്തൂർ വഴി ബെംഗളൂരൂവിലേക്കുള്ള വ്യവസായ ഇടനാഴി, കോഴിക്കോട്ടു നിന്ന് കണ്ണൂർ വഴി മംഗലാപുരത്തേക്കു നീളുന്ന പദ്ധതി എന്നിവയെയെല്ലാം വിഴിഞ്ഞം തുറമുഖ പദ്ധതി കൂടുതൽ കരുത്തുള്ളതാക്കും. കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് ഏതാനും മണിക്കൂറുകൾ കൊണ്ട് കണ്ടെയ്നറുകൾ എത്തിക്കാനാകും. ഇന്ത്യയിൽ മറ്റൊരിടത്തും ഈ അനുകൂലഘടകമില്ലെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിൽ വലിയ വികസനപദ്ധതികൾ ഏറ്റെടുക്കാൻ കിഫ്ബിക്ക് കഴിയില്ലെന്ന വിമർശനങ്ങൾക്കുള്ള മറുപടിയാണ് ഈ പദ്ധതികളെന്ന് അദ്ദേഹം പറഞ്ഞു. കിഫ്ബിയുടെ കരുത്തിൽ തന്നെയാകും കേരളത്തിന്റെ മുന്നോട്ടുള്ള വികസനം. സംസ്ഥാനത്തിന്റെ വികസനത്തിന് അടിത്തറയൊരുക്കിയത് കിഫ്ബിയാണ്. മാതൃവകുപ്പ് ധനവകുപ്പ് ആണെങ്കിലും മറ്റെല്ലാ വകുപ്പുകളുടെയും വികസന പദ്ധതികൾ ചെന്നെത്തുന്നത് കിഫ്ബിയുടെ ഫണ്ടിലാണ്.കിഫ്ബിയുടെ പ്രവർത്തനം തടസ്സപ്പെടുന്ന ഘട്ടങ്ങളൊക്കെ വന്നിട്ടുണ്ടെങ്കിലും കരുത്തോടെ മുന്നോട്ടുപോകുകയായിരുന്നു. വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് വിഴിഞ്ഞം–കൊല്ലം–പുനലൂർ ഇടനാഴിക്ക് ആയിരം കോടി ബജറ്റിൽ പ്രഖ്യാപിച്ചത് ഉദാഹരണം മാത്രം. സാമ്പത്തിക മേഖലയിലെ മാന്ദ്യത്തെ ഫലപ്രദമായി പ്രതിരോധിക്കുകയും സമ്പദ്‍വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയുമെന്ന ദൗത്യമാണ് കിഫ്ബി നിർവഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


Source link

Related Articles

Back to top button