പൊലീസാകാൻ മുട്ടുകുത്തിയും പട്ടിണികിടന്നും വനിതകൾ; ‘പ്രകടന പത്രിക’ പാലിക്കാതെ സർക്കാർ

തിരുവനന്തപുരം∙ ആശാ വർക്കർമാർക്കു പിന്നാലെ കൂടുതൽ വനിതാ പ്രതിഷേധങ്ങൾക്കു വേദിയായി സെക്രട്ടേറിയറ്റ്. നിയമനം വൈകുന്നതിൽ പ്രതിഷേധിച്ച് വനിതാ സിവിൽ പൊലീസ് ഓഫിസേഴ്‌സ് റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവർ സെക്രട്ടേറിയറ്റ് പടിക്കൽ മുട്ടുകുത്തി സമരം ചെയ്തു. കുഴഞ്ഞുവീണ രണ്ട് പേരെ ആശുപത്രിയിലേക്കു മാറ്റി. ബുധനാഴ്ചയാണ് ഇവർ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്. 14 ജില്ലകളിൽ നിന്നായി നൂറോളം പേരാണ് നിരാഹാരമിരിക്കുന്നത്. കഴിഞ്ഞ വർഷം ഏപ്രിൽ 20ന് ആണ് വനിതാ സിപിഒമാരുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്. ഒരു വർഷമാണ് കാലാവധി. മെയിൻ ലിസ്റ്റിൽ 674, സപ്ലിമെന്ററി ലിസ്റ്റിൽ 293 എന്നിങ്ങനെ 967 പേരെയാണ് പിഎസ്‌സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നത്. മുൻ റാങ്ക് ലിസ്റ്റിൽനിന്ന് 815 പേർക്കു നിയമന ശുപാർശ ലഭിച്ചിരുന്നു.കാലാവധി തീരാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ള റാങ്ക് പട്ടികയിൽ 672 പേർക്കാണ് ഇനി നിയമനം ലഭിക്കാനുള്ളത്. 60 നോൺ ജോയിനിങ് ഡ്യൂട്ടി (എൻജെഡി) ഉൾപ്പെടെ 292 ഒഴിവുകൾ മാത്രമാണ് 11 മാസം കൊണ്ട് റിപ്പോർട്ട് ചെയ്തത്. 570 ഒഴിവുണ്ടെന്നാണ് വിവരാവകാശ അപേക്ഷയ്ക്കു ലഭിച്ച മറുപടിയെന്നും സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ സർക്കാർ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നില്ലെന്നും ഉദ്യോഗാർഥികൾ പറഞ്ഞു. നിലവിൽ ഒഴിവുകളില്ലെന്നാണ് അധികൃതർ മറുപടി നൽകുന്നത്. പരാതിയുമായി എല്ലാ വാതിലുകളും കയറിയിറങ്ങിയിട്ടും ഫലമുണ്ടാകാത്ത സാഹചര്യത്തിലാണ് സമരവുമായി സെക്രട്ടേറിയറ്റിനു മുന്നിലെത്തിയതെന്ന് ഉദ്യോഗാർഥികൾ പറയുന്നു. പട്ടികയിൽനിന്ന് 27 ശതമാനം മാത്രം നിയമനമേ നടന്നിട്ടുള്ളൂ. ലിസ്റ്റിന്റെ കാലപരിധി നീട്ടണമെന്നല്ല മറിച്ച് നിയമനം നടത്തണമെന്നാണ് ആവശ്യപ്പെടുന്നതെന്നും ഉദ്യോഗാർഥികൾ പറയുന്നു. കറുത്ത തുണി ഉപയോഗിച്ച് കണ്ണ് കെട്ടിയാണ് ഉദ്യോഗാർഥികൾ മുദ്രാവാക്യം വിളിച്ച് സമരം ചെയ്യുന്നത്.ഇപ്പോഴും സംസ്ഥാനത്തെ പൊലീസ് സേനയിൽ 10 ശതമാനത്തിനടുത്തു മാത്രമാണ് വനിതാ പ്രാതിനിധ്യം. സേനയിലെ സ്ത്രീ പ്രാതിനിധ്യം 15% ആക്കുമെന്നായിരുന്നു എൽഡിഎഫ് പ്രകടന പത്രികയിലെ വാഗ്ദാനം. ഇതിന്റെ ഭാഗമായി 9:1 അനുപാതം നടപ്പാക്കിയെങ്കിലും നിയമനം കുറഞ്ഞു. പുരുഷ പൊലീസ് നിയമനം നടന്നാലേ വനിതാ നിയമനം നടക്കൂ എന്ന രീതി റാങ്ക് ലിസ്റ്റിലുള്ളവർക്കു വിനയായി. 56,000 പേരുള്ള പൊലീസ് സേനയിൽ അയ്യായിരത്തോളം വനിതകളാണുള്ളത്. ഒരു സ്റ്റേഷനിൽ കുറഞ്ഞത് 6 വനിതാ സിപിഒമാർ വേണമെന്നുണ്ട്. എന്നാൽ, സംസ്ഥാനത്തെ 454 പൊലീസ് സ്റ്റേഷനുകളിൽ മിക്കതിലും ഇതിന്റെ പകുതി പോലുമില്ല.
Source link