8 മണ്ഡലം പ്രസിഡന്റുമാരെ നീക്കി, ഡിസിസി ഭാരവാഹികൾക്ക് കാരണം കാണിക്കൽ നോട്ടിസ്; കൂട്ട നടപടി കോൺഗ്രസിൽ ആദ്യം

കൊല്ലം ∙ സംഘടനാ പ്രവർത്തനത്തിൽ ഗുരുതര വീഴ്ച വരുത്തിയ നേതാക്കൾക്ക് എതിരെ കെപിസിസിയുടെ നടപടി. മഹാത്മാഗാന്ധി കുടുംബ സംഗമം, ലീഡർ ഫണ്ട് അടക്കമുളള പരിപാടികൾ സംഘടിപ്പിക്കുന്നതിൽ വീഴ്ച വരുത്തിയ കൊല്ലം ജില്ലയിലെ 8 മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരെ സ്ഥാനത്തു നിന്നു നീക്കം ചെയ്തു. ആ പഞ്ചായത്തുകളുടെ ചുമതല ഉണ്ടായിരുന്ന ഡിസിസി ഭാരവാഹികൾക്ക് കാരണം കാണിക്കൽ നോട്ടിസ് നൽകി. ചുമതലയിൽ നിന്ന് അവരെ മാറ്റി. ഇതേ രീതിയിലുള്ള അച്ചടക്ക നടപടി മറ്റു ജില്ലകളിലും കെപിസിസി നടപ്പിലാക്കും.കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എന്നിവരുമായി ആലോചിച്ച് സംഘടനാ ചുമതലയുള്ള കെപിസിസി സെക്രട്ടറി എം.ലിജുവാണ് ജില്ലാ നേതൃയോഗത്തിൽ തീരുമാനം അറിയിച്ചത്. ജില്ലയിലെ പ്രമുഖ നേതാക്കളുടെ അസംബ്ലി മണ്ഡലങ്ങളിൽ ഉള്ളവരാണ് നടപടിക്ക് വിധേയരായത്. ഇന്നലെ നടന്ന നേതൃയോഗത്തിൽ പങ്കെടുക്കാത്ത ഡിസിസി ഭാരവാഹികൾ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാർ എന്നിവരോടു ജില്ലയുടെ ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു വിശദീകരണം ആവശ്യപ്പെട്ട് കത്തു നൽകി. വിട്ടുനിന്ന മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാർ ഡിസിസി പ്രസിഡന്റിന് വിശദീകരണം നൽകണം. 5 ദിവസത്തിനകം മറുപടി നൽകണം. ഇത്രയും നേതാക്കൾക്ക് എതിരെ ഒരുമിച്ചു സംഘടനാ നടപടി വരുന്നത് ആദ്യമാണ്. 14 ജില്ലകളിലും കെപിസിസി ജില്ലാതല നേതൃയോഗങ്ങൾ നടത്തിവരികയാണ്.ബ്ലോക്ക് കമ്മിറ്റികളുടെ പ്രവർത്തനം വിലയിരുത്തുന്നതിനു സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി എല്ലാ ജില്ലയിൽ എത്തിച്ചേരും. ഡിസിസി പ്രസിഡന്റുമാരുടെയും ജില്ലകളുടെ ചുമതലയുള്ള കെപിസിസി ഭാരവാഹികളുടെയും പ്രവർത്തനവും വിലയിരുത്തും. ഇവർക്ക് ചോദ്യാവലി നൽകിയിട്ടുണ്ട്. ഇതുസംബന്ധിച്ച റിപ്പോർട്ടുമായാണ് ദീപദാസ് മുൻഷിയുമായി തിരുവനന്തപുരത്ത് ഡിസിസി, കെപിസിസി ഭാരവാഹികൾ കൂടിക്കാഴ്ചയ്ക്ക് എത്തേണ്ടത്.
Source link