കേരളം, തെലങ്കാന സഹായിച്ചു; പാർട്ടി അംഗത്വത്തിൽ വർധന

മധുര ∙ കണ്ണൂരിൽ നടന്ന കഴിഞ്ഞ പാർട്ടി കോൺഗ്രസിനെ അപേക്ഷിച്ചു പാർട്ടി അംഗങ്ങളുടെ എണ്ണത്തിൽ വർധനയുണ്ടായെന്നു സംഘടനാ റിപ്പോർട്ട്. എന്നാൽ, പല സംസ്ഥാനങ്ങളിലും കൊഴിഞ്ഞുപോക്കു വ്യാപകമാണെന്നും റിപ്പോർട്ടിൽ പറയുന്നു. അംഗസംഖ്യ 9,85,757 ൽ നിന്ന് 10,19,009 ആയി ഉയർന്നു. കേരളം, തെലങ്കാന സംസ്ഥാനങ്ങളിലെ വർധനയാണ് ഇതിനു സഹായിച്ചത്. 14 സംസ്ഥാനങ്ങളിൽ അംഗസംഖ്യ കൂടിയപ്പോൾ 11 സംസ്ഥാനങ്ങളിൽ കുറഞ്ഞു. പാർട്ടി അംഗങ്ങളിൽ 30–40 ശതമാനം പേർ മാത്രമാണു തിരഞ്ഞെടുപ്പു പ്രവർത്തനത്തിൽ ഉൾപ്പെടെ സജീവാകുന്നത്. കേരളത്തിൽ കാൻഡിഡേറ്റ് അംഗങ്ങളിൽ 22.% കൊഴിഞ്ഞുപോയി. തെലങ്കാന (35.5%), ഹിമാചൽപ്രദേശ് (14.5%), യുപി (14%) എന്നിങ്ങനെയാണു മറ്റുസംസ്ഥാനങ്ങളിലെ കൊഴിഞ്ഞുപോക്ക്.തമിഴ്നാട്ടിൽ 2015 മുതൽ 2024 വരെ ഓരോ വർഷവും 10 മുതൽ 15% വരെ അംഗങ്ങൾ വിട്ടുപോയി. നേതൃഗുണവും സ്വാധീനശക്തിയുമുള്ള അംഗങ്ങളെ കണ്ടെത്തുന്നതു പാർട്ടിക്കു വെല്ലുവിളിയായി മാറിയെന്നും റിപ്പോർട്ട് പറയുന്നു. വനിതാ അംഗങ്ങളുടെ എണ്ണത്തിൽ വർധനയുണ്ട്. പാർട്ടി അംഗങ്ങളുടെ 18.2% ആയിരുന്നു 2021 ലെ വനിതാ പ്രാതിനിധ്യമെങ്കിൽ 2024 ൽ 20.2 ശതമാനമായി. 17 സംസ്ഥാനങ്ങളിൽ വനിതാ അംഗസംഖ്യ കൂടി. കേരളത്തിലാണ് ഏറ്റവും കൂടുതൽ. 28,000 വനിതകൾ കൂടുതലായി ചേർന്നു. പാർട്ടി അംഗങ്ങളിലെ ദലിത് പ്രാതിനിധ്യം 19.3 ശതമാനമെന്ന മികച്ച നിലയിലാണെങ്കിലും മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ പ്രാതിനിധ്യം കുറവാണെന്നും റിപ്പോർട്ടിലുണ്ട്.
Source link