LATEST NEWS

മകളുടെ മോചനത്തിന് പ്രേമകുമാരി യെമനിൽ എത്തിയിട്ട് ഒരു വർഷം; നിമിഷ പ്രിയ ‘ഓൺലൈനി’ലുമില്ല, ഇറാൻ–കേന്ദ്ര‌സർക്കാർ ചർച്ചകളും വിഫലം?


ദുബായ് ∙ യെമൻ പൗരൻ തലാൽ അബു മഹ്ദി കൊല്ലപ്പെട്ട കേസിൽ വധശിക്ഷക്കു വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായി കേന്ദ്ര സർക്കാരും ‘സേവ് നിമിഷ പ്രിയ’ ആക്ഷൻ കൗൺസിലും കിണഞ്ഞു ശ്രമിക്കുമ്പോഴും ആശങ്കകള്‍ ബാക്കിയാകുന്നു. നിമിഷപ്രിയയുടെ വധശിക്ഷ ഉടൻ നടപ്പാക്കുമെന്ന് അറിയിച്ച് കഴിഞ്ഞ ദിവസമുണ്ടായ പ്രചാരണം ഏറെക്കുറെ അവസാനിച്ചപ്പോൾ കേസ് വീണ്ടും വിസ്മൃതിയിലായി. വീണ്ടും ഇതുപോലെ എന്തെങ്കിലും പ്രചാരണമുണ്ടായാൽ മാത്രമേ കേസ് ഇനിയും ചർച്ചയാകൂ എന്ന അവസ്ഥയാണ്.അതേസമയം, നേരത്തെ മാധ്യമപ്രവർത്തകർക്കടക്കം വാട്സാപ്പ് സന്ദേശമയച്ചിരുന്ന നിമിഷപ്രിയ ഇപ്പോൾ ഒാൺലൈനിലില്ല. അതുകൊണ്ടുതന്നെ, യെമനിലെ സനായിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ കേസിലെ ഏറ്റവും പുതിയ വിവരങ്ങൾ ആർക്കും ലഭ്യമാകുന്നുമില്ല. ഇക്കാര്യത്തിൽ യെമൻ കോടതികളിലോ ജയിലിലോ എന്തെങ്കിലും നീക്കം നടക്കുന്നുണ്ടോ എന്ന കാര്യം പോലും ആർക്കും അറിയില്ല. നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നതു സംബന്ധിച്ച് ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് ജയിൽ അധികൃതരെ ഉദ്ധരിച്ച് കേസിലെ അറ്റോർണി സാമുവൽ ജെറോം പറയുന്നു. അതേസമയം, പെരുന്നാളിനു ശേഷം വധശിക്ഷ നടപ്പാക്കുമെന്ന് തന്നെ  വനിതാ അഭിഭാഷക വിളിച്ചറിയിച്ച വിവരം നിമിഷപ്രിയ തന്നെ പങ്കുവയ്ക്കുകയും ചെയ്തു. ആരാണ് നിമിഷയെ വിളിച്ചത് എന്ന കാര്യത്തിലും ഇതുവരെ വ്യക്തത വന്നിട്ടില്ല.നിമിഷ പ്രിയയുടെ അമ്മ ഇപ്പോഴും യെമനിലുണ്ട്. മകളുടെ മോചനത്തിനു വേണ്ടി ശ്രമിക്കുന്നതിനായി സനായിലെത്തിയ അമ്മ ഏകദേശം ഒരു വർഷത്തോളമായി അവിടെയാണ്. കഴിഞ്ഞ വർഷം ഏപ്രിലിലാണ് നിമിഷയുടെ അമ്മ പ്രേമകുമാരി സനായിലെത്തിയത്. ഏപ്രിൽ 24ന് പ്രേമകുമാരി നിമിഷപ്രിയയെ ജയിലിലെത്തി കാണുകയും ചെയ്തു. 11 വര്‍ഷത്തിനു ശേഷമാണ് മകളെ അമ്മ നേരിട്ടു കണ്ടത്. നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് സ്വാധീനമുള്ള വ്യക്തികളെ ഉപയോഗിച്ച് ഗോത്രതലവന്‍മാരുമായുള്ള ചര്‍ച്ച നടത്താൻ കൂടിയായിരുന്നു പ്രേമകുമാരി യെമനിൽ എത്തിയത്. എന്നാൽ ഇതുവരെ ഇത്തരത്തിലുള്ള കാര്യമായ ചർച്ച നടന്നിട്ടില്ല. ‘സേവ് നിമിഷപ്രിയ’ ഫോറത്തിൽ ഭാഗമായിരുന്ന സാമുവല്‍ ജെറോമിനൊപ്പമാണ് പ്രേമകുമാരി യെമനിൽ എത്തിയത്. 


Source link

Related Articles

Back to top button