ഭരണഘടനയ്ക്ക് നേരെയുള്ള ആക്രമണം: കെ.സി. വേണുഗോപാൽ

ന്യൂഡൽഹി ∙ മതത്തിന്റെ പേരിൽ ഭാരതമാതാവിനെ വിഭജിക്കുക എന്ന ഒറ്റ അജൻഡ മാത്രമാണു കേന്ദ്രസർക്കാരിനുള്ളതെന്നു കെ.സി.വേണുഗോപാൽ ആരോപിച്ചു. കർഷകർക്കു താങ്ങുവില ലഭ്യമാക്കാനും യുവാക്കൾക്കു തൊഴിൽ ഉറപ്പാക്കാനും നിയമം കൊണ്ടുവരാത്ത സർക്കാർ വിവാദ ബില്ലുകൾ മാത്രം സഭയിൽ അവതരിപ്പിക്കുന്നത് ഇക്കാരണത്താലാണെന്നും ലോക്സഭയിൽ വഖഫ് ഭേദഗതി ബില്ലിൽ നടന്ന ചർച്ചയിൽ പങ്കെടുത്ത് അദ്ദേഹം പറഞ്ഞു. ഭരണഘടനയ്ക്കു നേരെയുള്ള ആക്രമണമാണു വഖഫ് ഭേദഗതി ബില്ലെന്നും അദ്ദേഹം പറഞ്ഞു. ‘സിബിസിഐയുടെയും മറ്റും പ്രസ്താവനകൾ ഏറ്റുപിടിച്ചാണു കേന്ദ്രമന്ത്രി ഇവിടെ ബിൽ അവതരിപ്പിച്ചത്. രാജ്യത്ത് എത്രയോ പള്ളികൾ ആക്രമിക്കപ്പെട്ടു. സിബിസിഐ ഉൾപ്പെടെ എത്ര നിവേദനങ്ങൾ നൽകി. എന്നിട്ടും നടപടിയുണ്ടായില്ല’. മാർപാപ്പയുടെ സന്ദർശനത്തെ എതിർക്കാൻ വേണ്ടിയാണു രാജ്യത്തു വിശ്വഹിന്ദു പരിഷത്ത് രൂപീകരിച്ചതെന്നും വേണുഗോപാൽ ആരോപിച്ചു. ‘ലോക്സഭയിലെ ആംഗ്ലോ ഇന്ത്യൻ പ്രതിനിധികളെ ഇല്ലാതാക്കിയതു ബിജെപി സർക്കാരാണ്. ഇന്നു മുസ‍്‍ലിം വിഭാഗത്തിന് എതിരെയാണ് ഇവർ നിൽക്കുന്നത്. നാളെ ക്രിസ്ത്യൻ വിഭാഗത്തിനും അതിനു ശേഷം സിഖ്, ജൈന മതക്കാർക്കുമെതിരെ ഇവർ നിലപാടെടുക്കും. സംഘപരിവാർ അജൻഡ നടപ്പാക്കുക മാത്രമാണു സർക്കാരിന്റെ ലക്ഷ്യം’– അദ്ദേഹം പറഞ്ഞു. ലോക നേതാവാകാൻ പ്രധാനമന്ത്രി ശ്രമം നടത്തുമ്പോൾ, ഇവിടെ മതത്തിന്റെ പേരിൽ ജനങ്ങളെ വിഭജിക്കുകയാണ്. രാഷ്ട്രീയ നേട്ടത്തിനുവേണ്ടിയാണ് ഇതു ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
Source link