INDIA

ആദിവാസിഭൂമിയും ചരിത്രസ്മാരകങ്ങളും ഒഴിവാക്കാൻ പുതിയ വ്യവസ്ഥകൾ


ന്യൂഡൽഹി ∙ ഭരണഘടനയുടെ 5,6 ഷെഡ്യൂളുകളിൽ ആദിവാസിഭൂമിക്ക് നൽകിയിരിക്കുന്ന സംരക്ഷണം ഉറപ്പാക്കാനാണ് ഇത്തരം ഭൂമി വഖഫ് ആക്കാൻ പാടില്ലെന്ന വ്യവസ്ഥ ഭേദഗതി ബില്ലിൽ കൂട്ടിച്ചേർത്തത്. വിവിധ നിയമങ്ങൾ വഴി ചരിത്രസ്മാരകങ്ങളായി പ്രഖ്യാപിക്കപ്പെട്ടവയും വഖഫ് ആക്കാനാവില്ല. നിലവിൽ വഖഫ് ആയി പ്രഖ്യാപിച്ചതും അസാധുവാകും. രാജ്യത്ത് 280 സംരക്ഷിത സ്മാരകങ്ങൾ വഖഫ് ആയി പ്രഖ്യാപിച്ചിട്ടുണ്ടെന്നാണ് കേന്ദ്ര പുരാവസ്തുവകുപ്പിന്റെ കണക്ക്. സ്മാരകങ്ങളെ വഖഫ് പരിധിയിൽനിന്ന് ഒഴിവാക്കണമെന്നു സംയുക്ത പാർലമെന്ററി സമിതിയോട് (ജെപിസി) സംസ്കാരിക മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. ബിൽ നിയമമായാൽ ഈ സ്മാരകങ്ങൾക്കുമേൽ വഖഫ് ബോർഡുകൾക്ക് അധികാരമുണ്ടാകില്ല. ഹുമയൂൺ കുടീരം, സഫ്ദർജങ് കുടീരം അടക്കമുള്ള ഡൽഹിയിലെ പൈതൃകസ്മാരകങ്ങളും പട്ടികയിലുണ്ട്. ബിൽ നിയമമാകും മു‍ൻപ് വഖഫ് ആയി റജിസ്റ്റർ ചെയ്ത സ്വത്തുകളുടെ വിവരങ്ങൾ 6 മാസത്തിനകം വെബ്സൈറ്റിൽ അപ്‍ലോഡ് ചെയ്യണമെന്നു വ്യവസ്ഥയുണ്ട്. വഖഫ് ട്രൈബ്യൂണൽ അംഗീകരിച്ചാൽ 6 മാസം വരെ നീട്ടിനൽകാമെന്ന പുതിയ വ്യവസ്ഥയും ഇന്നലെ കൂട്ടിച്ചേർത്തു.വഖഫ് ബോർഡിന്റെ തീരുമാനങ്ങൾ 45 ദിവസത്തിനകം ജില്ലാ മജിസ്ട്രേട്ട് നടപ്പാക്കണമെന്ന വ്യവസ്ഥയും കൊണ്ടുവന്നു. കെ.സി.വേണുഗോപാൽ, എൻ.കെ.പ്രേമചന്ദ്രൻ അടക്കം വിവിധ പ്രതിപക്ഷ അംഗങ്ങൾ 108 ഭേദഗതികളാണ് കൊണ്ടുവന്നതെങ്കിലും ഇവ അംഗീകരിച്ചില്ല. വഖഫ് ബോർഡിൽ മുസ്‍ലിം അംഗങ്ങൾ മാത്രം, വഖഫ് സിഇഒയായി മുസ്‍ലിം സമുദായംഗം തുടങ്ങിയവയായിരുന്നു പ്രതിപക്ഷ ഭേദഗതികൾ.


Source link

Related Articles

Back to top button