സിപിഎം പാർട്ടി കോൺഗ്രസ്: ചർച്ചയിൽ നിറഞ്ഞ് ഫാഷിസം; വിശാല ഐക്യത്തിന് ആഹ്വാനം

മധുര ∙ ഹിന്ദുത്വ രാഷ്ട്രീയത്തെ ചെറുത്തു തോൽപിക്കാൻ മതനിരപേക്ഷ, ജനാധിപത്യ ശക്തികളുടെ വിശാല ഐക്യത്തിനുള്ള ആഹ്വാനവുമായി സിപിഎമ്മിന്റെ 24–ാം പാർട്ടി കോൺഗ്രസ് തുടങ്ങി. തിരുത്തലുകളിലൂടെ സിപിഎമ്മിന്റെ കരുത്തു വീണ്ടെടുക്കാനും സാംസ്കാരിക, സാമൂഹിക രംഗങ്ങളിലുൾപ്പെടെ ആർഎസ്എസിനെ ആശയപരമായി നേരിടാനുമുള്ള വഴികൾ 5 ദിവസത്തെ പാർട്ടി കോൺഗ്രസ് ചർച്ച ചെയ്യും.പാർട്ടി കോൺഗ്രസ് ഉദ്ഘാടനം ചെയ്ത സിപിഎം കോഓർഡിനേറ്റർ പ്രകാശ് കാരാട്ട്, ഇടത് ഐക്യത്തിനൊപ്പം മറ്റു പ്രതിപക്ഷ കക്ഷികളെക്കൂടി ഒന്നിച്ചു നിർത്തി ‘പുതിയ ഇന്ത്യ’ സൃഷ്ടിക്കാൻ പരിശ്രമിക്കണമെന്നു വാദിച്ചു. ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്ത മറ്റ് ഇടതുപക്ഷ നേതാക്കൾ ഇടത് ഐക്യത്തിന്റെ ആവശ്യം എടുത്തുപറഞ്ഞു. ഇന്ത്യാ മുന്നണി അനുഭവത്തെക്കുറിച്ച് എല്ലാവരും മൗനം പാലിച്ചു.ബിജെപിയുടേത് ഫാഷിസമാണോ നവഫാഷിസ്റ്റ് സ്വഭാവമാണോ എന്ന് ഇടതുപക്ഷത്തുള്ള തർക്കം ഇന്നലെയും തുടർന്നു. ബിജെപി നവഫാഷിസ്റ്റ് സ്വഭാവമാണു പ്രകടിപ്പിക്കുന്നതെന്നു കാരാട്ട് പറഞ്ഞു. ജനാധിപത്യത്തോടു തന്നെ ഫാഷിസ്റ്റ് പുച്ഛമാണ് സംഘപരിവാറിനെന്നും ആർഎസ്എസിന്റെ രാഷ്ട്രീയ കരമാണ് ബിജെപിയെന്നും സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ പറഞ്ഞു. ഇന്ത്യയുടെ മതനിരപേക്ഷ, സാമ്രാജ്യത്വ വിരുദ്ധ ദേശീയതയെ അട്ടിമറിക്കാനാണ് ഫാഷിസം ശ്രമിക്കുന്നതെന്ന് സിപിഐ (എംഎൽ) ജനറൽ സെക്രട്ടറി ദിപാങ്കർ ഭട്ടാചാര്യ പറഞ്ഞു.ബിജെപിയുടെ ഭരണത്തെ എന്തു വിളിക്കണമെന്ന തർക്കത്തിൽ ഫോർവേഡ് ബ്ലോക്ക് ജനറൽ സെക്രട്ടറി ജി.ദേവരാജനും ആർഎസ്പി ജനറൽ സെക്രട്ടറി മനോജ് ഭട്ടാചാര്യയും കക്ഷിചേർന്നില്ല. ഇടതുപക്ഷ സമരങ്ങളിൽ കാണുന്ന ജനം തിരഞ്ഞെടുപ്പിൽ ഒപ്പമില്ലാത്തതിന്റെ കാരണങ്ങൾ പരിശോധിക്കണമെന്നും പഴഞ്ചൻ സമരരീതികൾ മാറ്റണമെന്നും ദേവരാജൻ പറഞ്ഞു. നക്സലിസത്തെ ഇല്ലാതാക്കാനെന്ന പേരിൽ ഛത്തീസ്ഗഡിൽ നടത്തുന്ന ഏറ്റുമുട്ടലുകൾ, എതിർക്കുന്ന ഏത് ആശത്തിനെതിരെയും ബിജെപി സർക്കാർ ആയുധം പ്രയോഗിക്കുമെന്നതിന്റെ മുന്നറിയിപ്പാണെന്ന് ദീപാങ്കർ ഭട്ടാചാര്യയും മനോജ് ഭട്ടാചാര്യയും പറഞ്ഞു.
Source link