LATEST NEWS

‘ശശി തരൂരിന്റെ നിലപാട് ആത്മാർഥയുള്ളതാണെങ്കിൽ വഖഫ് ഭേദഗതിക്കനുകൂലമായ നിലപാട് സ്വീകരിക്കണം’


തിരുവനന്തപുരം∙ കേരളത്തിലെ 18 ശതമാനം വരുന്ന ക്രൈസ്തവരുടെ വോട്ടു നേടി വിജയിച്ചവര്‍ വഖഫ് ബില്ലിന്റെ വിഷയത്തില്‍ അവര്‍ക്കെതിരായ നിലപാട് എടുക്കുന്നുവെന്ന് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. വഖഫ് ഭേദഗതി ബില്ലിനെതിരെ നിലപാടെടുക്കുന്ന കേരളത്തിലെ യുഡിഎഫ്, എല്‍ഡിഎഫ് എംപിമാരുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തുന്നതിന്റെ ഭാഗമായി ശശി തരൂര്‍ എംപിയുടെ ഓഫിസിലേക്ക് നടന്ന മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുനമ്പത്തു പോയി അവിടത്തെ ജനങ്ങള്‍ക്കൊപ്പം എന്നു പറഞ്ഞ കേരളത്തിലെ ഇടതു വലത് എംപിമാര്‍ മുനമ്പം ജനതയെ കബളിപ്പിക്കുകയായിരുന്നു. കേരള കാത്തലിക് ബിഷപ്പ് കൗണ്‍സിലും കാത്തലിക് ബിഷപ്പ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയും വഖഫ് ഭേദഗതി ബില്ലിന് അനുകൂലമായി നില്‍ക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. ക്രൈസ്തവ സഭയുടെ നിര്‍ലോഭമായ പിന്തുണ നേടി വിജയിച്ച ശശി തരൂര്‍ വഖഫ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കണം. പല കാര്യങ്ങളിലും സ്വതന്ത്ര നിലപാട് സ്വീകരിക്കുന്ന ശശി തരൂരിന്റെ നിലപാടുകള്‍ ആത്മാർഥതയുള്ളതാണെങ്കില്‍ അദ്ദേഹം വഖഫ് ഭേദഗതിക്കനുകൂലമായ നിലപാട് സ്വീകരിക്കണം. സ്വത്ത് സമ്പാദിക്കാനും സംരക്ഷിക്കാനുമുള്ള സാധാരണക്കാരന്റെ അവകാശത്തെ സംരക്ഷിക്കുന്നതിനുവേണ്ടിയാണ് വഖഫ് ഭേദഗതി. ക്രൈസ്തവ സഭകളുടെ ആവശ്യങ്ങളോട് പ്രിയങ്കാ ഗാന്ധി ഉള്‍പ്പെടെയുള്ള കേരളത്തിലെ എംപിമാര്‍ നിലപാട് വ്യക്തമാക്കണമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. ക്രൈസ്തവ സമൂഹത്തിന്റെ നേതാക്കള്‍ ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും വഖഫ് ഭേദഗതി ബില്ലിനനുകൂലമായ നിലപാട് സ്വീകരിക്കാന്‍ തയാറാകാത്തവർ ചരിത്രത്തിലെ ഏറ്റവും വലിയ വഞ്ചകന്മാരായി വിലയിരുത്തപ്പെടുമെന്ന് ബിജെപി സംസ്ഥാന മീഡിയ-സമൂഹമാധ്യമ പ്രഭാരി അനൂപ് ആന്റണി പറഞ്ഞു. ഭരണഘടനയ്ക്ക് വിരുദ്ധമായി ചിലര്‍ക്ക് സ്വത്ത് കൊള്ളയടിക്കാന്‍ അവസരമൊരുക്കിയ കോണ്‍ഗ്രസ് നടപടിയാണ് വഖഫ് ആക്‌ടെന്നും രാജ്യത്തെ മതേതരത്വം നിലനിര്‍ത്താനുള്ള അവസരമാണെന്ന് തിരിച്ചറിഞ്ഞ് വഖഫ് ഭേദഗതി ബില്ലിനെ പിന്തുണയ്ക്കാനുള്ള സാമാന്യ മര്യാദ ജനപ്രതിനിധികള്‍ കാണിക്കണമെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു.


Source link

Related Articles

Back to top button