നിലമ്പൂർ ‘യുദ്ധത്തിന്’ കച്ചമുറുക്കി മുന്നണികൾ

മലപ്പുറം: പി.വി.അൻവർ രാജിവച്ച ഒഴിവിൽ നിലമ്പൂരിൽ മേയിൽ ഉപതിരഞ്ഞെടുപ്പ് ഉറപ്പായതോടെ മുന്നണികൾ അനൗദ്യോഗികമായി സ്ഥാനാർത്ഥി ചർച്ചകൾ സജീവമാക്കി. കെ.പി.സി.സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്, ഡി.സി.സി പ്രസിഡന്റ് വി.എസ്.ജോയ് എന്നിവർക്കാണ് കോൺഗ്രസിൽ പ്രാമുഖ്യം. ഇരുവരും മണ്ഡലത്തിൽ നിന്നുള്ളവരാണ്. എ.ഐ.സി.സി നിയോഗിച്ച സംഘത്തിനുപുറമെ രണ്ട് സ്വകാര്യ ഏജൻസികളും മണ്ഡലത്തിൽ സർവേ നടത്തി. പി.വി.അൻവർ യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
സ്വതന്ത്ര സ്ഥാനാർത്ഥിയാവും നിലമ്പൂരിലെന്ന് സി.പി.എം വ്യക്തമാക്കിയിട്ടുണ്ട്. സീറ്റിനായി കോൺഗ്രസിൽ പിടിവലി ഉണ്ടായാൽ അത് മുതലെടുക്കാനും ശ്രമം നടത്തും. അതിനാൽ, കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷമേ അന്തിമ തീരുമാനമുണ്ടാകൂ. സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് യു.ഷറഫലി, 2011ൽ ആര്യാടൻ മുഹമ്മദിന്റെ ഭൂരിപക്ഷം കുത്തനെ കുറച്ച റിട്ട. അദ്ധ്യാപകൻ തോമസ് മാത്യു, ജില്ലാപഞ്ചായത്തംഗം ഷൊറോണ റോയ് എന്നിവർ പ്രാഥമിക ചർച്ചയിലുണ്ട്.
ബി.ജെ.പി സംസ്ഥാന പ്രസിഡന്റായി രാജീവ് ചന്ദ്രശേഖർ ചുമതലയേറ്റ ശേഷമുള്ള ആദ്യ ഉപതിരഞ്ഞെടുപ്പിൽ വോട്ടുവിഹിതം ഉയർത്തുന്ന സ്ഥാനാർത്ഥിയെയാവും എൻ.ഡി.എ രംഗത്തിറക്കുക. വയനാട്ടിൽ പ്രിയങ്കയ്‌ക്കെതിരെ മത്സരിച്ച നവ്യ ഹരിദാസ്, ബി.ജെ.പി ഈസ്റ്റ് ജില്ലാ കമ്മിറ്റിയംഗം രശ്മിൽനാഥ് എന്നിവർ പരിഗണനയിലുണ്ട്.
മണ്ഡലത്തിൽ 20% വോട്ട് ക്രൈസ്ത്രവവിഭാഗത്തിനുണ്ട് എന്നതും യുവത്വവുമാണ് കോൺഗ്രസിൽ വി.എസ്.ജോയിക്ക് അനുകൂലമാകുന്ന ഘടകം. അതേസമയം, നിലമ്പൂരിൽ സംഘടനാ സ്വാധീനമുള്ള ആര്യാടൻ ഷൗക്കത്തിനെ പിണക്കാനുമാവില്ല. രണ്ടുതവണയും മണ്ഡലം കൈവിട്ടത് കോൺഗ്രസിനുള്ളിലെ വോട്ടൊഴുക്കിലാണ്. പ്രിയങ്കയുടെ ലോക്‌സഭാ മണ്ഡലത്തിൽപ്പെട്ട നിലമ്പൂരിൽ സ്ഥാനാർത്ഥിത്വത്തിൽ പരസ്യ കലഹം ഹൈക്കമാൻഡ് ആഗ്രഹിക്കുന്നില്ല. സ്ഥാനാർത്ഥി വിഷയത്തിൽ മുസ്‌ലിം ലീഗ് അഭിപ്രായം പറയില്ല.
അൻവറിന് മറുപടി നൽകാൻ സി.പി.എം
മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ച പി.വി.അൻവറിന് മറുപടി നൽകുക എന്ന ലക്ഷ്യത്തോടെ സി.പി.എം മുന്നൊരുക്കം ശക്തമാക്കിയിട്ടുണ്ട്. സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.സ്വരാജ് ഒരുമാസത്തിലധികമായി നിലമ്പൂരിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. യു.ഡി.എഫ് വിജയിച്ചാൽ അൻവറിന്റെ വിജയം കൂടിയായി അത് വ്യഖ്യാനിക്കപ്പെടും. മുന്നണി പ്രവേശനവും എളുപ്പമാവും. മറിച്ചാണെങ്കിൽ രാഷ്ട്രീയഭാവി അനിശ്ചിതത്വത്തിലാവും. അഞ്ച് പഞ്ചായത്തുകൾ യു.ഡി.എഫിന്റെയും രണ്ട് പഞ്ചായത്തുകളും നിലമ്പൂർ നഗരസഭയും എൽ.ഡി.എഫിന്റെയും കൈവശമാണ്. കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ച പി.വി.അൻവർ നേടിയത് 2,700 വോട്ടിന്റെ ഭൂരിപക്ഷമാണ്.
Source link