KERALAM

ആശമാരുടെ സമരം ; മൂന്നാംവട്ട ചർച്ച ഇന്ന്

തിരുവനന്തപുരം: ആശാപ്രവർത്തകർ നടത്തുന്ന അനിശ്ചിതകാല സമരത്തിന് ഇന്ന് നിർണായകദിനം. മന്ത്രി വീണാ ജോർജ് ഇന്ന് വിളിച്ച മൂന്നാംവട്ട ചർച്ചയിൽ അനുകൂല തീരുമാനമുണ്ടാകുമോ എന്നതാണ് പ്രധാനം. അനിശ്ചിതകാല സമരം 53-ാം ദിവസത്തിലേക്കും നിരാഹാരസമരം 15-ാം ദിവസത്തിലേക്കുമെത്തിയതോടെ സമരം നീളുന്നത് ഇരുകൂട്ടർക്കും പ്രതിസന്ധിയുണ്ടാക്കും.

സമരരംഗത്തുള്ള കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷനെക്കൂടാതെ സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി,എസ്.ടി.യു എന്നീ അനുകൂല സംഘനകളുടെ പ്രതിനിധികളെയും ഇത്തവണ ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. ഭൂരിപക്ഷ സംഘടനകളുടെ പിന്തുണ ചർച്ചയിൽ നേടിയെടുക്കാനാകും സർക്കാർ ശ്രമിക്കുക. ഇത്തവണ കേന്ദ്രമന്ത്രി ജെ.പി.നദ്ദയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് മന്ത്രി സമരക്കാരെ കാണുന്നത്.

കേന്ദ്രമന്ത്രിയുമായി നടത്തിയ ചർച്ചയിലെ വസ്തുതകൾ ആശമാരെ ബോധിപ്പിക്കുകയാണ് പ്രധാനം. ഓണറേറിയം വർദ്ധിപ്പിക്കാമെന്ന് കേന്ദ്രം ഉറപ്പുനൽകിയതായും ഇത് ഉടൻ ലഭ്യമാക്കാൻ സംസ്ഥാനം ഇടപെടാമെന്നും ആശമാരെ അറിയിച്ചേക്കും. എന്നാൽ കേന്ദ്രമല്ല, സംസ്ഥാനം ഓണറേറിയം വർദ്ധനവിൽ തീരുമാനമെടുക്കണമെന്ന നിലപാടിൽ ഉറച്ചുനിൽക്കാനാണ് ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ നീക്കം. സംസ്ഥാന സർക്കാരിന്റെ പരിമിതികളും മന്ത്രി യോഗത്തിൽ വിശദീകരിച്ചേക്കും.

സമവായത്തിന്റെ വഴി?

ഉന്നയിച്ച തുകയ്ക്ക് അപ്പുറം ആവശ്യങ്ങൾ ന്യായമാണെന്ന് വിലയിരുത്തി അംഗീകരിക്കാൻ സർക്കാർ തയ്യാറായാൽ സമരം അവസാനിച്ചേക്കും. തുകയുടെ കാര്യത്തിൽ കടുംപിടുത്തം തുടരുന്നത് പ്രായോഗികമാകില്ലെന്ന് സമരംഗത്തുള്ളർക്കും അറിയാം. 7000 രൂപയിൽ നിന്ന് 21,000 രൂപയിലേക്ക് ഓണറേറിയം വർദ്ധിപ്പിക്കലും വിരമിക്കുമ്പോൾ അഞ്ചുലക്ഷം രൂപ സഹായവും സർക്കാരിനും അപ്രായോഗികമാണെന്നിരിക്കെ സമരക്കാരെ തൃപ്തിപ്പെടുത്തുന്ന കൃത്യമായ തീരുമാനത്തിലെത്താൻ സർക്കാർ സ്വീകരിക്കുന്ന മാർഗമാണ് പ്രധാനം. ചെറിയ രീതിയിൽ ഓണറേറിയം വർദ്ധനവിന് തയ്യാറായാൽ, കൈയ്യടികൾക്ക് പകരം ഇതിനായി എന്തിന് ആശമാരെ ഇത്രനാൾ തെരുവിൽ കിടത്തിയെന്ന വിമർശനം ഉയരുമെന്നും അധികൃതർ കണക്കുകൂട്ടുന്നു.


Source link

Related Articles

Back to top button