KERALAMLATEST NEWS

ഉത്തരക്കടലാസുകൾ തപാലിൽ അയയ്ക്കാൻ കേരള യൂണിവേഴ്സിറ്റി

എം.എച്ച്. വിഷ്‌ണു | Thursday 03 April, 2025 | 12:48 AM

തിരുവനന്തപുരം: പരീക്ഷയ്ക്കുശേഷം ഉത്തരക്കടലാസുകൾ കോളേജുകളിൽ നിന്ന് ശേഖരിക്കാനും മൂല്യനിർണയത്തിന് അദ്ധ്യാപകർക്ക് നേരിട്ട് അയയ്ക്കാനും തപാൽ വകുപ്പിനെ ചുമതലപ്പെടുത്താൻ കേരള സർവകലാശാല. രാവിലത്തെ പരീക്ഷകളുടെ പേപ്പർ ഉച്ചയ്ക്കും ഉച്ചയ്ക്ക് ശേഷമുള്ളത് പിറ്റേന്ന് രാവിലെയും സ്പീഡ് പോസ്റ്റിൽ യൂണിവേഴ്സിറ്രിയിലേക്ക് അയയ്ക്കാനാകും കരാറുണ്ടാക്കുക. 24 മണിക്കൂറിലേറെ വൈകാൻ പാടില്ല. കരട് ധാരണാപത്രം തപാൽവകുപ്പ് സർവകലാശാലയ്ക്ക് കൈമാറി. ദൂരമനുസരിച്ചാകും നിരക്കുകൾ.

ഉത്തരക്കടലാസുകൾ നഷ്ടമാവാതിരിക്കാനും കേടുവരാതിരിക്കാനും പ്രത്യേക സുരക്ഷാ സംവിധാനങ്ങളുണ്ടാവും. എം.ബി.എ ഉത്തരക്കടലാസുകൾ അദ്ധ്യാപകനിൽ നിന്ന് നഷ്ടപ്പെട്ടതിനെ തുടർന്നാണ് പുതിയ സംവിധാനം. നിലവിൽ സർവകലാശാല ജീവനക്കാർ കോളേജുകളിലെത്തി ഉത്തരക്കടലാസുകൾ ശേഖരിക്കുകയാണ് ചെയ്യുന്നത്. ആഴ്ചകൾ കൂടുമ്പോഴാണ് ശേഖരിക്കുന്നത്.

കോളേജുകളിൽ നിന്ന് പേപ്പറുകൾ തപാലിൽ സർവകലാശാലയിലെത്തിച്ച് ഫാൾസ് നമ്പറിട്ട് മൂല്യനിർണയ ക്യാമ്പുകളിലേക്കും അദ്ധ്യാപകർക്കും തപാലിൽതന്നെ അയയ്ക്കുന്നതാണ് പുതിയ രീതി. മൂല്യനിർണയത്തിനു ശേഷം തിരികെയെത്തിക്കുന്നതും തപാലിലായിരിക്കും. ഇതോടെ ഉത്തരക്കടലാസുകൾ നഷ്ടമാവുന്നതും എത്തിക്കാൻ വൈകുന്നതുമടക്കം ഒഴിവാകും. ആരോഗ്യ സർവകലാശാലയിൽ എല്ലാ പരീക്ഷകളുടെയും ഉത്തരക്കടലാസ് തപാൽവകുപ്പാണ് എത്തിക്കുന്നത്.

ക്യു.ആർ കോഡ്

പ്രിന്റ് ചെയ്യും

നിലവിൽ ഉത്തരക്കടലാസുകളിൽ ക്യു.ആർ കോഡ് പ്രിന്റ് ചെയ്യുന്നില്ല. മറ്റൊരു പേപ്പറിൽ ഇതിന്റെ പ്രിന്റെടുത്ത് ഉത്തരക്കടലാസുമായി കൂട്ടിച്ചേർക്കുകയാണ്. വൈകാതെ ഉത്തരക്കടലാസിൽ ക്യു.ആർ കോഡ് പ്രിന്റ് ചെയ്യുന്ന സംവിധാനം ഏർപ്പെടുത്തും. അതോടെ കോളേജുകളിൽ നിന്ന് നേരിട്ട് മൂല്യനിർണയ ക്യാമ്പുകളിലേക്ക് ഉത്തരക്കടലാസുകൾ അയയ്ക്കാനാവും.

മൂല്യനിർണയം

വേഗത്തിലാകും

1.ഉത്തരക്കടലാസുകൾ തപാലിലെത്തിക്കുന്നത് സർവകലാശാലയ്ക്ക് ലാഭകരമാണ്. വാഹനം കോളേജിലെത്തി പേപ്പറുകൾ ശേഖരിക്കുന്നതിന് ചെലവേറെയാണ്

2.സ്പീഡ് പോസ്റ്റിൽ ഉത്തരക്കടലാസുകൾ വേഗത്തിലെത്തിക്കുന്നതോടെ മൂല്യനിർണയവും ഫലപ്രഖ്യാപനവും വേഗത്തിലാവും

”തപാൽ വകുപ്പുമായി ഉടൻ കരാറൊപ്പിടും. ഫലപ്രദമായ സംവിധാനമാണിത്. ആരോഗ്യ സർവകലാശാലയിൽ 100%വിജയമായിരുന്നു

-ഡോ.മോഹനൻ കുന്നുമ്മേൽ

വി.സി, കേരള സർവകലാശാല


Source link

Related Articles

Back to top button