ഏറ്റുമാനൂരിൽ അമ്മയും പെൺമക്കളും ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയ സംഭവം, ഭർത്താവ് നോബി ലൂക്കോസിന് ജാമ്യം
കോട്ടയം: ഏറ്റുമാനൂരിൽ ഷൈനിയും പെൺമക്കളും ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയ സംഭവത്തിലെ പ്രതിയും ഷൈനിയുടെ ഭർത്താവുമായ നോബി ലൂക്കോസിന് ജാമ്യം. കോട്ടയം ജില്ലാ സെഷൻസ് കോടതിയാണ് നോബിക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. 28 ദിവസത്തിനുശേഷമാണ് നോബി ജയിലിൽ നിന്ന് പുറത്തിറങ്ങുന്നത്. ഇയാൾക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
രാജ്യം വിട്ടുപോകരുത്, അന്വേഷണ സംഘത്തോട് സഹകരിക്കണം, അന്വേഷണ ഉദ്യോഗസ്ഥൻ വിളിപ്പിക്കുമ്പോൾ ഹാജരാകണം തുടങ്ങിയ ഉപാധികളാണ് ജാമ്യ ഉത്തരവിലുള്ളത്. പ്രതിക്ക് ജാമ്യം നൽകിയാൽ തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാദ്ധ്യതയുണ്ടെന്ന പ്രോസിക്യൂഷൻ വാദം കണക്കിലെടുക്കാതെയാണ് കോടതി ജാമ്യം അനുവദിച്ചത്. നോബിയുടെ മാനസിക പീഡനമാണ് ഷൈനിയുടെയും മക്കളുടെയും ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്ന് പൊലീസ് റിപ്പോർട്ട് നൽകിയിരുന്നു. കേസിൽ നോബിക്കെതിരെ തെളിവുകൾ കണ്ടെത്താൻ പൊലീസിനായില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. നോബിയുടെ ജാമ്യാപേക്ഷയെ എതിർത്ത് ഷൈനിയുടെ പിതാവ് കുര്യാക്കോസ് ഹർജി നൽകിയിട്ടുണ്ട്.
കഴിഞ്ഞ ഫെബ്രുവരി 28നാണ് പാറോലിക്കൽ ഷൈനി കുര്യാക്കോസ് (43), മക്കളായ അലീന (11), ഇവാന (10) എന്നിവർ ട്രെയിനിന് മുന്നിൽ ചാടി മരിച്ചത്. തലേദിവസം നോബി ഷൈനിയെ ഫോണിൽ വിളിച്ച് സമ്മർദ്ദത്തിലാക്കി. കൂട്ട ആത്മഹത്യയിലേയ്ക്ക് നയിച്ചത് ഈ ഫോൺ വിളിയാണെന്നാണ് പൊലീസ് റിപ്പോർട്ടിലുള്ളത്. ‘നീ നിന്റെ രണ്ട് മക്കളെയും വച്ചുകൊണ്ട് അവിടെതന്നെ ഇരുന്നോ. ഇനി ഞാൻ നാട്ടിലേയ്ക്ക് വരണമെങ്കിൽ നീയും രണ്ട് മക്കളും ചാകണം. എന്നെ ദ്രോഹിക്കാതെ നിനക്കും മക്കൾക്കും പോയി ചത്തൂടേ’- എന്നാണ് നോബി ഷൈനിയോട് പറഞ്ഞത്. മദ്യലഹരിയിലാണ് നോബി ഷൈനിയെ വിളിച്ചത്. വിവാഹമോചനം നൽകില്ലെന്നും കുട്ടികൾക്ക് ചെലവിന് പണം തരില്ലെന്നും ഇയാൾ പറഞ്ഞിരുന്നു. കൂടാതെ അച്ഛന്റെ ചികിത്സയ്‌ക്കായി എടുത്ത വായ്‌പയിൽ നിന്നും നോബി കൈയൊഴിഞ്ഞു. ഇതോടെ ഷൈനി കൂടുതൽ പ്രതിസന്ധിയിലാവുകയായിരുന്നു.
Source link