കിഫ്ബി ഫണ്ട് ഉപയോഗിച്ച് 33,100 കോടിയുടെ പൊതുമരാമത്ത് വകുപ്പ് പദ്ധതികൾ: മുഹമ്മദ് റിയാസ്

തിരുവനന്തപുരം∙ സംസ്ഥാനത്ത് കിഫ്ബി ഫണ്ടുപയോഗിച്ച് ഏറ്റവുമധികം വികസനപദ്ധതികൾ നടപ്പാക്കുന്നത് പൊതുമരാമത്ത് വകുപ്പെന്ന് മന്ത്രി മുഹമ്മദ് റിയാസ്. 33,101 കോടി രൂപ മതിക്കുന്ന 511 പദ്ധതികളാണ് കിഫ്ബി ഫണ്ടുപയോഗിച്ച് പൊതുമരാമത്ത് വകുപ്പ് യാഥാർഥ്യമാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. 223 റോഡുകൾ, 91 പാലങ്ങൾ, 57 റെയിൽവേ ഓവർബ്രിജുകൾ, 15 ഫ്ലൈ-ഓവറുകൾ തുടങ്ങിയവ ഇതിലുൾപ്പെടുന്നു. സംസ്ഥാനത്തിന്റെ പശ്ചാത്തല വികസനരംഗത്ത് ശ്രദ്ധേയ കുതിപ്പാണ് കിഫ്ബിയുടെ സഹായത്താൽ കഴിഞ്ഞ ഒൻപതു വര്‍ഷംകൊണ്ട് സൃഷ്ടിക്കപ്പെട്ടതെന്ന് മന്ത്രി വ്യക്തമാക്കി. ഇതിൽ തന്നെ കേരള വികസനത്തിന്റെ മുഖച്ഛായ മാറ്റത്തിൽ നിർണായക ഇടമുണ്ട് പൊതുമരാമത്തു വകുപ്പിന്. റോഡുകളും പാലങ്ങളും ഫ്ലൈ-ഓവറുകളും ഒക്കെയായി പ്രകടമായ ആ മാറ്റം പ്രതിഫലിപ്പിക്കുന്നതാണ് കിഫ്ബി വഴിയുള്ള 511 പദ്ധതികൾ. “2016ൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ അധികാരത്തിൽ വന്ന സർക്കാരാണ് കേരളത്തിന്റെ വികസനക്കുതിപ്പിന് ഗതിവേഗം പകരുന്നവിധം കിഫ്ബിയെ പ്രയോജനപ്പെടുത്തിയത്. 87,408.62 കോടി രൂപ മതിക്കുന്ന ആകെ 1,147 പദ്ധതികൾ കിഫ്ബിയുടെ ഭാഗമായി അനുമതി നൽകിക്കഴിഞ്ഞു. നിരവധി പദ്ധതികള്‍ പൂർത്തിയാക്കി. മറ്റു നിരവധി പദ്ധതികൾ പൂർത്തീകരണത്തിന്റെ അവസാന ഘട്ടത്തിലാണ്’’, റിയാസ് പറഞ്ഞു.
Source link