വിനീത കൊലക്കേസ്; അന്തിമവാദം പൂർത്തിയായി, വിധി ഏപ്രിൽ പത്തിന്

തിരുവനന്തപുരം: പേരൂർക്കടയിലെ അലങ്കാരച്ചെടി വിൽപ്പനശാലയിലെ ജീവനക്കാരിയായിരുന്ന വിനീതയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ അന്തിമ വാദം പൂർത്തിയായി. ഈ മാസം പത്തിന് കേസിന്റെ വിധി പറയും. ഏഴാം അഡീഷനൽ സെഷൻസ് ജഡ്ജി പ്രസൂൺ മോഹനാണ് കേസ് പരിഗണിക്കുന്നത്. 2022 ഫെബ്രുവരി ആറിനാണ് നെടുമങ്ങാട് കരിപ്പൂർ സ്വദേശിനിയായ വിനീതയെ തമിഴ്നാട് സ്വദേശി രാജേന്ദ്രൻ കൊലപ്പെടുത്തിയത്.
വിനീതയുടെ കഴുത്തിൽ കിടന്ന നാലരപ്പവൻ മാല കവരുന്നതിനായിരുന്നു കൊടുംക്രൂരത. ഓൺലൈൻ സ്റ്റോക്ക് മാർക്കറ്റിൽ പണം നിക്ഷേപിച്ചിരുന്ന രാജേന്ദ്രൻ പണത്തിന് ആവശ്യം വരുമ്പോഴാണ് കൊലപാതകങ്ങൾ ചെയ്‌തിരുന്നത്.സമാനരീതിയിൽ തമിഴ്നാട് വെള്ളമഠം സ്വദേശിയും കസ്റ്റംസ് ഓഫീസറുമായ സുബ്ബയ്യൻ,ഭാര്യ വാസന്തി,ഇവരുടെ 13കാരിയായ വളർത്തുമകൾ അഭിശ്രീ എന്നിവരെ കൊലപ്പെടുത്തി സ്വർണവും പണവും കവർന്നിരുന്നു. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമായിരുന്നു വിനീതയെ കൊലപ്പെടുത്തിയത്. 2022 ഫെബ്രുവരി 11നാണ് പ്രതി പൊലീസ് പിടിയിലായത്.ദൃക്‌സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ സാഹചര്യത്തെളിവുകളെ മാത്രം ആശ്രയിച്ച പ്രോസിക്യൂഷൻ 118 സാക്ഷികളിൽ 96 പേരെ വിസ്‌തരിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എം.സലാഹുദ്ദീൻ ഹാജരായത്.
ഹൃദ്രോഗബാധിതനായി ഭർത്താവ് മരിച്ചതിനെ തുടർന്ന് ജീവിക്കാൻ മറ്റു മാർഗം ഇല്ലാതെ വന്നപ്പോഴാണ് വിനീത അലങ്കാരച്ചെടി വിൽപ്പനശാലയിൽ ജോലിക്കു ചേർന്നത്. കൊല്ലപ്പെടുന്നതിന് ഒമ്പത് മാസം മുൻപാണ് ഇവിടെ ജോലിക്ക് എത്തിയത്. സമ്പൂർണ കൊവിഡ് നിയന്ത്രണങ്ങൾ ഉണ്ടായിരുന്ന ദിവസം ചെടികൾ നനയ്ക്കുന്നതിനാണ് സുനിത കടയിലെത്തിയത്. ചെടി വാങ്ങാൻ എന്ന വ്യാജേന കടയിലെത്തിയ പ്രതി ചെടികൾ കാണിച്ചു കൊടുത്ത വിനീതയെ പുറകിൽ നിന്ന് വട്ടം ചുറ്റി പിടിച്ച് കഴുത്തിൽ കത്തി കുത്തി ഇറക്കുകയായിരുന്നു.
Source link