സമ്മർ ബമ്പർ, പത്തുകോടിയുടെ ഒന്നാം സമ്മാനം പാലക്കാട് വിറ്റ ടിക്കറ്റിന്

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഇത്തവണത്തെ സമ്മർ ബമ്പർ ഒന്നാം സമ്മാനം നേടിയത് എസ്‌ജി 513715 എന്ന നമ്പർ ടിക്കറ്റ്. 10 കോടി രൂപയാണ് ബി.ആർ 102 സമ്മർ ബമ്പറിന്റ ഒന്നാം സമ്മാനം. പാലക്കാട് ജില്ലയിൽ വിറ്റ ടിക്കറ്റാണ് ഒന്നാം സമ്മാനത്തിന് അർഹത നേടിയത്. ആകെ 36 ലക്ഷം ടിക്കറ്റുകളാണ് വിതരണത്തിനായി എത്തിച്ചത്. ഇതിൽ കൂടുതൽ ടിക്കറ്റുകളും വിറ്റഴിഞ്ഞത് പാലക്കാട് ആണ്. ടിക്കറ്റ് വിൽപനയിൽ രണ്ടും മൂന്നും സ്ഥാനത്ത് തിരുവനന്തപുരവും തൃശൂർ ജില്ലയുമാണ്.
50 ലക്ഷം രൂപ രണ്ടാം സമ്മാനമുള്ള സമ്മർ ബമ്പറിന് 500 രൂപയിൽ വരെ അവസാനിക്കുന്ന ആകർഷകമായ സമ്മാന ഘടനയാണുള്ളത്. 250 രൂപ വിലയുള്ള ടിക്കറ്റിന് മൂന്നാം സമ്മാനമായി അഞ്ചു ലക്ഷം രൂപ ഓരോ പരമ്പരയിലും രണ്ടു വീതം ആകെ 60 ലക്ഷവും നൽകുന്നുണ്ട്. അവസാന അഞ്ചക്കത്തിന് നാലാം സമ്മാനമായി ഒരു ലക്ഷവും നൽകും. കൂടാതെ 5000, 2000, 1000, 500 രൂപയുടെ സമ്മാനങ്ങളുമുണ്ട്.
ക്രിസ്മസ് പുതുവത്സര ബമ്പറായിരുന്നു അടുത്തിടെയായി നറുക്കെടുത്തത്. XD 387132 എന്ന നമ്പറിനായിരുന്നു ഒന്നാം സമ്മാനം ലഭിച്ചത്. 20 കോടി രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചത് കർണാടക പാണ്ഡ്യപുര സ്വദേശി അൽത്താഫിന് ആയിരുന്നു. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേർക്കും ലഭിച്ചിരുന്നു. സമ്മർ ബമ്പറിനൊപ്പം വിഷു ബമ്പർ, മൺസൂൺ ബമ്പർ, തിരുവോണം ബമ്പർ, പൂജാ ബമ്പർ, ക്രിസ്മസ് പുതുവത്സ ബമ്പർ എന്നിങ്ങനെ ആറ് ബമ്പറുകളാണ് കേരള ഭാഗ്യക്കുറി വകുപ്പിനുള്ളത്.
Source link