KERALAM

‘സമ്മതിച്ചില്ലെങ്കിൽ ഇറാനിൽ ബോംബിടും’, ഭീഷണിപ്പെടുത്തി ട്രംപ്, ഒപ്പം കൂടുതൽ നടപടിയെന്നും സൂചന

വാഷിംഗ്‌ടൺ: ആണവ വികസന പദ്ധതിയിൽ കരാറിലെത്തിയില്ലെങ്കിൽ ഇറാനിൽ ബോംബിടുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇതിനുപുറമേ രണ്ടാംഘട്ട നികുതിയും ഏർപ്പെടുത്തുമെന്നാണ് ട്രംപിന്റെ ഭീഷണി. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ ടെലിഫോൺ അഭിമുഖത്തിലാണ് പ്രസിഡന്റ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. അമേരിക്കയും ഇറാൻ അധികൃതരുമായി സംസാരിക്കുകയാണെന്നും ട്രംപ് സൂചിപ്പിച്ചിട്ടുണ്ട്.

‘അവർ ഒരു കരാറിലെത്തിയില്ലെങ്കിൽ ബോംബാക്രമണം ഉണ്ടാകും. അല്ലെങ്കിൽ നാല് വർഷം മുൻപ് ഞാൻ ചെയ്‌തതുപോലെ ഒരു രണ്ടാംഘട്ട നികുതിയ്‌ക്കും സാദ്ധ്യതയുണ്ട്.’ ട്രംപ് പറയുന്നു. 2015ൽ ഇറാനും ലോകരാജ്യങ്ങളും തമ്മിലെ ആണവ വികസ‌ന പദ്ധതിയിലെ നിയന്ത്രണത്തിന്റെ കരാറിൽ നിന്ന് 2017-21 കാലത്തെ ഭരണസമയത്ത് ട്രംപ് പിന്മാറിയിരുന്നു. പിന്നാലെ അമേരിക്ക കടുത്ത ഉപരോധവും ഏർപ്പെടുത്തി. എന്നാൽ ഇറാൻ അവരുടെ യുറേനിയം സമ്പുഷ്‌ടീകരണത്തിൽ ഏറെ മുന്നോട്ട് പോകുകയുണ്ടായി.

ട്രംപിന്റെ ഭീഷണികളെ നാളിതുവരെ ഇറാൻ സർക്കാർ നിരാകരിക്കുകയാണ് ചെയ്‌തത്. പുതിയ ആണവ കരാറിൽ ഏർപ്പെടണം എന്ന ട്രംപിന്റെ ആവശ്യത്തോട് ഒമാൻ വഴി ഇറാൻ ഒരു കത്തിലൂടെ മറുപടി നൽകി.

ആണവോർജം സമ്പുഷ്‌ടീകരണം വഴി ആണവായുധ നിർമ്മാണമാണ് ഇറാൻ ലക്ഷ്യമിടുന്നതെന്നാണ് പടിഞ്ഞാറൻ ശക്തികളായ രാജ്യങ്ങളുടെ വാദം. എന്നാൽ യുറേനിയം സമ്പുഷ്‌ടീകരണം പൊതുജനങ്ങൾക്ക് ഊർജ ആവശ്യങ്ങൾക്കായാണ് ചെയ്യുന്നതെന്നാണ് ഇറാൻ ഇക്കാലമത്രയും പറയുന്നത്.


Source link

Related Articles

Back to top button