കശ്മീർ ഫയൽസിനും കേരള സ്റ്റോറിക്കുമുള്ള മറുപടിയാണ് ‘എമ്പുരാൻ’: മൈത്രേയൻ പറയുന്നു

‘എമ്പുരാൻ’ എന്ന സിനിമ അതിന്റെ രാഷ്ട്രീയപരമായ ഉദ്ദേശ്യലക്ഷ്യങ്ങൾ നിറവേറ്റി കഴിഞ്ഞുവെന്ന് എഴുത്തുകാരനും സ്വതന്ത്ര ചിന്തകനുമായ മൈത്രേയൻ. ഇനി സിനിമ കട്ട് ചെയ്തു പ്രദർശിപ്പിച്ചാലും ആ സിനിമ മനുഷ്യരുടെ മനസ്സിൽ ഉയർത്തിവിട്ട ചിന്തകൾ മായ്ക്കാൻ പറ്റില്ലെന്നും മൈത്രേയൻ പറയുന്നു. തെക്കേ ഇന്ത്യയിൽ ആയതുകൊണ്ട് മാത്രമാണ് ഇത്തരമൊരു സിനിമ നിർമിക്കാൻ കഴിഞ്ഞത്. കഴിഞ്ഞ കുറേകാലമായി വടക്കേ ഇന്ത്യക്കാർ നിർമിച്ചു വിടുന്ന ‘കശ്മീർ ഫയൽസി’നും ‘കേരളം സ്റ്റോറി’ക്കും നല്ലൊരു മറുപടിയാണ് ‘എമ്പുരാൻ’ എന്ന സിനിമയിലൂടെ നൽകിയിരിക്കുന്നത്. സിനിമയുടെ അണിയറപ്രവർത്തകരോ നായകനോ ഈ കഥകളൊന്നും അറിയാതെ ആണ് അഭിനയിച്ചതെന്ന് താൻ കരുതുന്നില്ലെന്നും മൈത്രേയൻ പറയുന്നു.“എമ്പുരാൻ എന്ന സിനിമ ഞാൻ ഇതുവരെ കണ്ടില്ല. ഞാൻ അത് കാണും എന്ന് എഴുതി പ്രഖ്യാപിച്ചതാണ്. ഇത്തരത്തിലുള്ള രാഷ്ട്രീയം കൈകാര്യം ചെയ്ത കാരണം കൊണ്ട് സിനിമയ്ക്ക് എന്റെ മുഴുവൻ പിന്തുണയും ഉണ്ട്. സാധാരണഗതിയിൽ ഞാൻ ഇത്തരത്തിലുള്ള സിനിമകൾ കാണില്ല. എന്റർടെയ്നർ എന്നു പറഞ്ഞാണ് ഇത്തരത്തിലുള്ള സിനിമകളൊക്കെ ഇറക്കാറുള്ളത്. പക്ഷേ ഇതൊരു രാഷ്ട്രീയമായി, ഇങ്ങനെയൊരു വശം കൂടി ഉണ്ടായതുകൊണ്ട് അവർക്കൊരു പിന്തുണ എന്ന നിലയിൽ തിയറ്ററിൽ പോയി കാണാനായി ആലോചിക്കുന്നുണ്ട്. രാഷ്ട്രീയമായ പിന്തുണ അവർക്ക് കൊടുക്കണം എന്നുള്ളതുകൊണ്ട് മാത്രമാണ് ആ സിനിമ കാണുന്നത്. നമുക്ക് സപ്പോർട്ട് കൊടുക്കാനേ കഴിയൂ. കഴിഞ്ഞ കുറെ വർഷമായി വടക്കേ ഇന്ത്യക്കാർ മുസ്‌ലിം സമുദായത്തിനെ ഒരുപോലെ കുറ്റവാളികളാക്കി മാറ്റിയിരിക്കുന്ന അതിനുവേണ്ടി പ്രചരിപ്പിച്ചിട്ടുള്ള കശ്മീർ ഫയൽസും അതിനുവേണ്ടി ഉണ്ടാക്കിയ കേരള സ്റ്റോറിക്കും ഇത്രയും നല്ല ഒരു മറുപടി കൊടുക്കാനായി കഴിഞ്ഞു എന്നുള്ളത് ചെറിയ കാര്യമാല്ല. അത് നമ്മൾ അങ്ങനെ തന്നെ മനസ്സിലാക്കേണ്ടതുണ്ട്. ഓരോ ദിവസം കഴിയുതോറും വടക്കേ ഇന്ത്യയും തെക്കേ ഇന്ത്യയും തമ്മിലുള്ള വ്യത്യാസം വർധിച്ചുകൊണ്ടിരിക്കുകയാണ്. ശരിക്കു പറഞ്ഞാൽ ഇപ്പോ നമ്മൾ തെക്കേ ഇന്ത്യയിൽ കാര്യമായിട്ടൊന്നും അനുഭവിക്കുന്നില്ല. യുപിയിൽ ആണെങ്കിൽ ഇങ്ങനെ ഒരു സിനിമ എടുക്കാൻ സാധിക്കില്ല. അത് നമ്മൾ തിരിച്ചറിയേണ്ടതുണ്ട്. ഇങ്ങനെയൊരു സിനിമ എടുക്കാൻ ആലോചിക്കാൻ പോലും കഴിയില്ല. കശ്മീർ ഫയലും കേരള സ്റ്റോറിയും ഒക്കെ തന്നെ ആയിരിക്കും അവിടെനിന്നും ഉണ്ടാകുന്നത്. ഇത്തരത്തിലുള്ള ക്രിട്ടിക്കൽ ക്രിട്ടിസിസം ഉള്ള ഒരു നിലപാടെടുത്ത സിനിമ ഉണ്ടാക്കാനായി ആരും തയാറാകില്ല. സെക്കുലർ ആയുള്ള മതേതര വീക്ഷണത്തോടുകൂടി ഇരിക്കുന്ന ഒരു രാജ്യത്തിനകത്ത് നമുക്ക് അതൊക്കെ തുറന്നു പറയാനുള്ള ഒരു അന്തരീക്ഷം ഇന്നും ഈ തെക്കേ ഇന്ത്യയിൽ ഉണ്ട്. അതുകൊണ്ടാണ് ഈ സിനിമ എടുക്കാൻ കഴിഞ്ഞത്. സിനിമയുടെ ഗമയോ അതിന്റെ ശരിയോ അല്ലെങ്കിൽ അത് സാങ്കേതികമായി കൊള്ളാമോ ഇല്ലയോ എന്നുള്ളതല്ല, ഞാൻ അതിന്റെ രാഷ്ട്രീയം മാത്രമാണ് ഇവിടെ പറയുന്നത്. ഇത്തരത്തിലുള്ള ഒരു സിനിമ അഡ്രസ് ചെയ്ത വിഷയം ഏതാണ്ട് 20 വർഷത്തോളമായി മൂടിവയ്ക്കപ്പെട്ടിരുന്നതാണ്.
Source link