സ്വർണ വായ്പയിൽ മുന്നേറി സിഎസ്ബി ബാങ്ക്; നിക്ഷേപത്തിലും തിളക്കം, ഓഹരികളിൽ മികച്ച നേട്ടം

തൃശൂർ ആസ്ഥാനമായ സ്വകാര്യ ബാങ്കായ സിഎസ്ബി ബാങ്കിന്റെ (CSB Bank) ഓഹരികൾ ഇന്നു വ്യാപാരം ചെയ്യുന്നത് മികച്ച നേട്ടത്തിൽ. എൻഎസ്ഇയിൽ ഇന്നലെ 301.20 രൂപയിൽ വ്യാപാരം അവസാനിപ്പിച്ച ഓഹരി, ഇന്ന് തുടങ്ങിയതു തന്നെ മികച്ച നേട്ടവുമായി 314 രൂപയിൽ. ഒരുവേള വില 317.65 രൂപവരെയുമെത്തിയിരുന്നു. നിലവിൽ വ്യാപാരം ഉച്ചയ്ക്കത്തെ സെഷനിലേക്ക് കടക്കുമ്പോൾ ഓഹരിയുള്ളത് 3.75% ഉയർന്ന് 312.50 രൂപയിൽ. മാർച്ച് 31ന് സമാപിച്ച നാലാംപാദത്തിലെ പ്രാഥമിക ബിസിനസ് വളർച്ചാക്കണക്കുകൾ ബാങ്ക് ഇന്നലെ വൈകിട്ട് പുറത്തുവിട്ട പശ്ചാത്തലത്തിലാണ് ഓഹരികളുടെ നേട്ടം.സിഎസ്ബി ബാങ്കിന്റെ മൊത്തം വായ്പകൾ മുൻവർഷത്തെ സമാനപാദത്തിലെ 24,572 കോടി രൂപയിൽ നിന്ന് 29.59% കുതിച്ച് 31,843 കോടി രൂപയിലെത്തി. മൊത്തം നിക്ഷേപം 27,719 കോടി രൂപയിൽ നിന്ന് 36,861 കോടി രൂപയായും മെച്ചപ്പെട്ടു; വളർച്ച 24.03%. പ്രവർത്തന മികവിന്റെ അളവുകോലുകളിലൊന്നായ കറന്റ് അക്കൗണ്ട് സേവിങ്സ് അക്കൗണ്ട് നിക്ഷേപം (കാസ/CASA) 8,085 കോടി രൂപയിൽ നിന്ന് 10.31% ഉയർന്ന് 8,918 കോടി രൂപയായതും നേട്ടമാണ്.
Source link