മധുരയിൽ ചെങ്കൊടിയേറി; ബിമൻ ബോസ് പതാക ഉയർത്തി, സിപിഎം പാർട്ടി കോൺഗ്രസിനു തുടക്കം

ചെന്നൈ ∙ സിപിഎം ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിന് മധുരയിൽ കൊടിയേറി. തമുക്കം മൈതാനത്ത് മുതിർന്ന നേതാവ് ബിമൻ ബോസാണ് പതാക ഉയർത്തിയത്. പ്രതിനിധി സമ്മേളനം പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യും. പൊളിറ്റ് ബ്യൂറോ അംഗം മണിക് സർക്കാർ അധ്യക്ഷനാകുന്ന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ ഉൾപ്പെടെ വിവിധ ഇടതുനേതാക്കളും പങ്കെടുക്കും. ‘ഫെഡറലിസമാണ് ഇന്ത്യയുടെ ശക്തി’ എന്ന വിഷയത്തിൽ നാളെ നടക്കുന്ന സെമിനാറിൽ പിണറായിയും തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും പങ്കെടുക്കും. ഇന്ന് ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം 6 വരെ തുടരും. പാർട്ടി കോൺഗ്രസിനു മുന്നോടിയായി മധുരയിൽ പിബി, കേന്ദ്ര കമ്മിറ്റി യോഗങ്ങൾ ചേർന്നു. 80 നിരീക്ഷകർ അടക്കം 881 പ്രതിനിധികളാണു പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നത്. ഏറ്റവും അധികം പ്രതിനിധികളുള്ളതു കേരളത്തിൽനിന്നാണ് – 175. അഭിനേതാക്കളായ വിജയ് സേതുപതി, സമുദ്രക്കനി, പ്രകാശ് രാജ്, സംവിധായകരായ രാജ്മുരുകൻ, ശശികുമാർ, വെട്രിമാരൻ, ടി.എസ്.ജ്ഞാനവേൽ, മാരി സെൽവരാജ് എന്നിവർ വിവിധ പരിപാടികളിൽ പങ്കാളികളാകും. കേരളം, കർണാടക, തമിഴ്നാട്, തെലങ്കാന എന്നിവിടങ്ങളിൽനിന്നുള്ള കലാപ്രവർത്തകരുടെ പരിപാടികളും ഒരുക്കിയിട്ടുണ്ട്. 53 വർഷത്തിനുശേഷമാണു പാർട്ടി കോൺഗ്രസിനു മധുര വേദിയാകുന്നത്.
Source link