KERALAMLATEST NEWS

കൂടൽമാണിക്യത്തിലെ ജാതി​വി​വേചനം, കഴകക്കാരൻ ബാലു ജോലി രാജിവച്ചു

കൊച്ചി: അതിനിന്ദ്യമായ ജാതിവിവേചനത്തിൽ ഉള്ളുപൊള്ളിയ ബി.എ. ബാലു ഇരി​ങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ ജോലി രാജിവച്ചു. ഇന്നലെ രാവി​ലെ ക്ഷേത്രത്തി​ലെത്തി​യ ബാലു അഡ്മി​നി​സ്ട്രേറ്റർ കെ. ഉഷാനന്ദി​നി​ക്ക് രാജി​ക്കത്ത് നൽകി.

ജാതിയുടെ പേരിൽ മാലകെട്ടു കഴകം ജോലിയിൽനിന്ന് ബാലുവിനെ മാറ്റിനിറുത്തിയതുൾപ്പെടയുള്ള സംഭവങ്ങൾ കേരളകൗമുദി പുറത്തുകൊണ്ടുവന്നിരുന്നു. കേരള ദേവസ്വം റി​ക്രൂട്ട്മെന്റ് പരീക്ഷയിൽ ഒന്നാം റാങ്കുകാരനാണ് ഈഴവ സമുദായാംഗമായ ബാലു. ഫെബ്രുവരി​ 24ന് ബാലു ചുമതലയേറ്റശേഷം ക്ഷേത്രത്തി​ലെ ആറ് ബ്രാഹ്മണ തന്ത്രി​മാരും ക്ഷേത്രബഹി​ഷ്കരണസമരം നടത്തി​. മാർച്ച് അഞ്ചി​ന് ബാലുവി​നെ ഓഫീസ് അറ്റൻഡന്റായി മാറ്റി. ഇതിനുശേഷമാണ് തന്ത്രിമാർ പ്രതിഷ്ഠാദിനം ഉൾപ്പടെയുള്ള ക്ഷേത്രചടങ്ങുകൾക്കെത്തിയത്. കഴകം ജോലി അമ്പലവാസികൾ തന്നെ നിർവഹിക്കണമെന്നാണ് ഇവരുടെ നിലപാട്. അടിച്ചുതളി ജീവനക്കാരനായ രാജേഷ് പിഷാരടിയാണ് ഇപ്പോൾ മാലകെട്ട് കഴകം ജോലി ചെയ്യുന്നത്.

വി​വാദങ്ങളെ തുടർന്ന് മാർച്ച് ആറുമുതൽ ബാലു അവധി​യി​ലായി​രുന്നു. 31ന് അവധി​ അവസാനി​ച്ചു. വ്യക്തി​പരവും ആരോഗ്യപരവുമായ കാരണങ്ങളാലാണ് രാജി​യെന്നുമാത്രമാണ് കത്തി​ലുള്ളത്. തി​രുവനന്തപുരം നെടുമങ്ങാട് ആര്യനാട് സ്വദേശി​യായ ബാലു (33) ഇംഗ്ളീഷ് എം.എക്കാരനാണ്.

റാങ്ക് ലിസ്റ്റിൽ ആദ്യറാങ്കുകാരനായതിനാൽ ജനറൽ വിഭാഗത്തിലാണ് ജോലി ലഭിച്ചത്. രാജി അംഗീകരിച്ച് അറിയിച്ചാൽ ഇതേ റാങ്കുലിസ്റ്റിൽനിന്ന് അടുത്തയാളെ നിയമിക്കുമെന്ന് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാൻ അഡ്വ. കെ.ബി. മോഹൻദാസ് പറഞ്ഞു. അടുത്തടേൺ ഈഴവ വിഭാഗത്തിനാണ്. അതിനാൽ റാങ്ക് ലിസ്റ്റിലെ ഈഴവ ഉദ്യോഗാർത്ഥിക്കാണ് ഇനിയും നിയമനം ലഭിക്കേണ്ടത്.

ക്ഷേത്രത്തിൽ രണ്ട് കഴകം തസ്തി​കയാണുള്ളത്. ഒന്ന് ദേവസ്വം റി​ക്രൂട്ട്മെന്റ് ബോർഡുവഴിയുള്ള സ്ഥി​രംനി​യമനവും രണ്ടാമത്തേത് രണ്ടുമാസം മാത്രമുള്ള കാരായ്മ തസ്തി​കയും. ഒരേസമയം ഒരാൾ മാത്രമേ ജോലി​ക്കുണ്ടാകൂ. സ്ഥി​രംകഴകക്കാരൻ രണ്ടുമാസം മറ്റ് ജോലി​കൾ ചെയ്യണം.

ദേവസ്വം മന്ത്രി പ്രഖ്യാപിച്ചിട്ടും ?​

ജാതിയുടെ പേരിൽ ബാലുവിനെ മാറ്റിനിറുത്തിയതിതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നു. മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. നിയോഗിച്ച തസ്തികയിൽത്തന്നെ ബാലു ജോലിചെയ്യുമെന്ന് ദേവസ്വം മന്ത്രി വി.എൻ. വാസവൻ നിയമസഭയിൽ പ്രഖ്യാപിക്കുകയും ചെയ്തു. ഭരതപ്രതിഷ്ഠയുള്ള അപൂർവ ക്ഷേത്രമായ കൂടൽമാണിക്യം ജാതിവിവേചനങ്ങളുടെ പേരിൽ കുപ്രസിദ്ധമാണ്. തന്ത്രിമാർ കുളിക്കുന്ന കടവിലെ വെള്ളമാണ് വിഗ്രഹത്തിൽ അഭിഷേകത്തിനും ഭക്തർക്ക് തീർത്ഥം നൽകാനും ഉപയോഗിക്കുന്നത്.


Source link

Related Articles

Back to top button