കുറുവ സംഘം സംസ്ഥാനത്തെ ‘ഓപ്പറേഷൻ' മതിയാക്കി; പിടിക്കൂടാനുള്ളത് 2 ‘പ്രമുഖ’ കള്ളൻമാരെക്കൂടി

ആലപ്പുഴ ∙ കുറുവ സംഘത്തിലെ പ്രധാനികളായ രണ്ടു കള്ളൻമാരെക്കൂടി പൊലീസ് ഉന്നം വയ്ക്കുന്നു. അവർ കൂടി കുടുങ്ങിയാൽ തമിഴ്നാട്ടിൽ നിന്നെത്തുന്ന തിരുട്ടു സംഘത്തെ പൂർണമായും മെരുക്കാമെന്നാണ് പ്രതീക്ഷ. രണ്ടുപേരുടെയും നീക്കങ്ങൾ പൊലീസ് സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ഇരുവരും മോഷണത്തിന് ഇറങ്ങിയാൽ കെണിയിലാകുന്ന വിധത്തിൽ വല വിരിച്ചിട്ടുണ്ടെന്നാണ് അന്വേഷണസംഘം പറയുന്നത്.മണ്ണഞ്ചേരിയിൽ മോഷണങ്ങൾ നടത്തിയ സംഘത്തിലെ പ്രധാനിയായ സന്തോഷ് ശെൽവത്തെ കൊച്ചി കുണ്ടന്നൂർ പാലത്തിനടിയിൽ നിന്നു പിടികൂടിയതോടെ കുറുവ സംഘം സംസ്ഥാനത്തെ ‘ഓപ്പറേഷൻ’ മതിയാക്കിയെന്നാണ് പൊലീസിന്റെ നിഗമനം. അതിനു ശേഷം സമീപ ജില്ലകളിലും തമിഴ്നാട് സംഘങ്ങളുടെ മോഷണം കാര്യമായി നടന്നിട്ടില്ല. ഏതാനുംപേർ പിടിയിലായതോടെ പൊലീസ് നീക്കം അവസാനിക്കുമെന്ന ധൈര്യത്തിൽ കുറുവ സംഘം വീണ്ടും ഇറങ്ങാതിരിക്കാൻ അന്വേഷണ സംഘം ജാഗ്രതയിലാണ്. കുറുവ സംഘത്തെ പൂർണമായും തുരത്തുകയെന്നതാണു ജില്ലാ പൊലീസ് മേധാവി എം.പി. മോഹനചന്ദ്രന്റെ നേതൃത്വത്തിലെടുത്ത തീരുമാനം.ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ ഇന്നലെ അന്വേഷണ സംഘം യോഗം ചേർന്നു പ്രവർത്തനം വിലയിരുത്തി. ഡിവൈഎസ്പി എം.ആർ.മധുബാബുവിന്റെ നേതൃത്വത്തിലുള്ള നടപടികൾ ഫലപ്രദമാണെന്നാണു ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.
Source link