അയ്യപ്പന്റെ സ്വർണ ലോക്കറ്റ് വിഷുവിന്

അയ്യപ്പമുദ്ര ആലേഖനം ചെയ്ത സ്വർണ ലോക്കറ്റ് തിരുവിതാംകൂർ ദേവസ്വം ബോർഡ് വിഷുപ്പുലരിയിൽ പുറത്തിറക്കും. ഒന്ന്, രണ്ട്, നാല്, എട്ട് ഗ്രാം വീതം തൂക്കത്തിലായിരിക്കും ലോക്കറ്റുകൾ . ജി.ആർ.ടി, കല്യാൺ ജൂവലറികളാണ് ദേവസ്വം ബോർഡിന്റെ വ്യവസ്ഥകൾക്കനുസരിച്ച് ലോക്കറ്റ് നിർമ്മിച്ചുനൽകുന്നത്. കഴിഞ്ഞ തീർത്ഥാടന കാലത്ത് മകരവിളക്കിനോടനുബന്ധിച്ച് ലോക്കറ്റുകൾ പുറത്തിറക്കാൻ ബോർഡ് ആലോചിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാൽ നടന്നില്ല. സ്വർണത്തിന്റെ സംശുദ്ധി ഉറപ്പാക്കി മാർക്കറ്റ് വിലയേക്കാൾ ഗ്രാമിന് 80 രൂപ കുറച്ചാണ് ലോക്കറ്റ് എത്തിക്കുന്നത്.
ഭക്തർക്ക് ലോക്കറ്റുകൾ ശ്രീകോവിലിൽ പൂജിച്ച് വാങ്ങാനും അവസരമുണ്ട്. 91.6 ഹാൾമാർക്കും ഹോളോഗ്രാം മുദ്ര യും പതിപ്പിച്ച ലോക്കറ്റുകളാണ് പുറത്തിറക്കുന്നത്. നേരിട്ടും ഓൺലൈൻ ബുക്കിംഗിലൂടെയും ലോക്കറ്റ് വാങ്ങാം. ഓൺലൈൻ ബുക്കിംഗ് ഉടൻ ആരംഭിക്കുമെന്ന് ദേവസ്വം ബോർഡ് അംഗം അഡ്വ. എ. അജികുമാർ പറഞ്ഞു.
Source link