CINEMA

അധ്യാപികയെ ‘ഒപ്പം’ സിനിമയിലൂടെ അപകീർത്തിപ്പെടുത്തി; ആന്റണി പെരുമ്പാവൂരിന് 2 ലക്ഷം രൂപ പിഴ


ആന്റണി പെരുമ്പാവൂർ നിർമിച്ച് മോഹൻലാൽ നായകനായെത്തി ‘ഒപ്പം’ സിനിമയിൽ അനുവാദമില്ലാതെ അപകീര്‍ത്തി വരും വിധം അധ്യാപികയുടെ ഫോട്ടോ സിനിമയില്‍ ഉപയോഗിച്ചെന്ന പരാതിയിൽ നഷ്ടപരിഹാരം നല്‍കാന്‍ മുനിസിപ്പ് കോടതി വിധി. കാടുകുറ്റി വട്ടോലി സജി ജോസഫിന്റെ ഭാര്യയും കൊടുങ്ങല്ലൂര്‍ അസ്മാബി കോളജ് അധ്യാപികയുമായ പ്രിന്‍സി ഫ്രാന്‍സിസ് ആണ് അഡ്വ. പി നാരായണന്‍കുട്ടി മുഖേനയാണ് പരാതി നല്‍കിയത്. പരാതിക്കാരിക്ക് 1 ലക്ഷം രൂപ നഷ്ടപരിഹാരവും കോടതി ചെലവായി 1,68,000 രൂപ നല്‍കാനുമാണ് ചാലക്കുടി മുന്‍സിപ്പ് എം എസ് ഷൈനിയുടെ വിധി.സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായാണ് കോടതിയെ സമീപിച്ചതെന്നും സാധാരണക്കാരില്‍ സാധാരണക്കാരായ സ്ത്രീകള്‍ക്ക് നീതി ലഭിക്കണമെന്നും പ്രിന്‍സി ഫ്രാന്‍സിസ്, സജി ജോസഫ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ‘‘7 വർഷം രണ്ട് ലക്ഷം രൂപയുമാണ് ഇതുമായി ബന്ധപ്പെട്ട് എനിക്കു വന്ന ചെലവുകൾ. അതിനുള്ള നഷ്ടപരിഹാരം വിധിച്ചുകൊണ്ടുള്ള കോടതി വിധിയാണ് ഇപ്പോൾ വന്നിരിക്കുന്നത്. ഇപ്പോൾ പത്ര സമ്മേളനം വിളിക്കാൻ കാരണമുണ്ട്. ഒരു സാധാരണ സ്ത്രീക്ക് നിയമപരിരക്ഷ ഉണ്ടെന്നു പറയുമ്പോഴും എട്ട് വർഷവും രണ്ട് ലക്ഷം രൂപയും മാസംതോറും കോടതിയിലുമായി അലച്ചിലായിരുന്നു. എന്തു പരിരക്ഷയാണ് സ്ത്രീകൾക്കുള്ളതെന്ന ചോദ്യം സമൂഹത്തിനു മുന്നിൽ പറയുന്നതിനു വേണ്ടിയാണ് ഇവിടെ വന്നത്. നമ്മുടെ ഫോട്ടോ അനുവാദമില്ലാതെ സിനിമയിൽ വന്നിട്ടും ഇപ്പോഴും അവർക്കിതൊരു പ്രശ്നമേ അല്ല, എമ്പുരാന് ഇപ്പോൾ വന്നിരിക്കുന്ന പ്രശ്നങ്ങൾ നമുക്കറിയാം. രണ്ട് മിനിറ്റ് ആണെങ്കിലും അത് കട്ട് ചെയ്യാൻ അവർക്ക് സാധിച്ചു. നമ്മളവരോട് ആവശ്യപ്പെട്ടത് ആ ഫോട്ടോ ഒന്ന് ബ്ലർ ചെയ്യാനായിരുന്നു. അത് നിങ്ങളുടെ ഫോട്ടോ അല്ല എന്നാണ് ഇപ്പോഴും അവരുടെ വാദം. ഇനിയെങ്കിലും നമ്മുടെ ഫോട്ടോ അതിൽ നിന്നു മാറ്റൂ എന്നാണ് കോടതി ചൂണ്ടിക്കാണിച്ചത്.’’–പ്രിൻസിയുടെ വാക്കുകൾ.


Source link

Related Articles

Back to top button