നിലമ്പൂരിൽ നോട്ടമിട്ട് മുന്നണികൾ: സർവേയുമായി കോൺഗ്രസ്, ‘മാസ്സാകുമോ’ അൻവർ ? നവ്യയെ ഇറക്കാൻ എൻഡിഎ

തിരുവനന്തപുരം ∙ നിലമ്പൂർ നിയമസഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പു പ്രഖ്യാപനവും സ്ഥാനാർഥിയുടെ കാര്യത്തിൽ തീരുമാനവും ആയില്ലെങ്കിലും മുന്നൊരുക്കങ്ങൾ തുടങ്ങി മുന്നണികൾ. ഇടതു സ്വതന്ത്രനായി ജയിച്ച പി.വി.അൻവർ രാജിവച്ചതോടെയാണ് തിരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്. നവംബറിൽ ഉപതിരഞ്ഞെടുപ്പു നടന്ന വയനാട് ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായതിനാൽ സംഘടനാ ശേഷി അടുത്തിടെ തന്നെ നിലമ്പൂരിൽ പരീക്ഷിക്കപ്പെട്ടതാണെന്ന പ്രത്യേകതയുണ്ട്. കെപിസിസി നിയോഗിച്ച ചുമതലക്കാർ അഞ്ചിനു നിലമ്പൂരിൽ വിപുലമായ യോഗം വിളിച്ചു. മണ്ഡലം പ്രസിഡന്റുമാർ മുതൽ മുകളിലേക്കുള്ള ഭാരവാഹികൾ പങ്കെടുക്കും. വോട്ടുചേർക്കൽ ഉൾപ്പെടെ അടിത്തട്ടിലെ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിലും പാർട്ടി കോൺഗ്രസിനു ശേഷമാകും സിപിഎം കൂടുതൽ സജീവമാവുക.കോൺഗ്രസിലെ സ്ഥാനാർഥി നിർണയത്തിനായി എഐസിസി നിയോഗിച്ച സംഘവും ഏജൻസിയും മണ്ഡലത്തിൽ സർവേ നടത്തുന്നുണ്ട്. ഡിസിസി പ്രസിഡന്റ് വി.എസ്.ജോയ്, ആര്യാടൻ ഷൗക്കത്ത് എന്നീ പേരുകളാണു കോൺഗ്രസിലുള്ളത്. ജോയിയും ഷൗക്കത്തും മണ്ഡലത്തിലുള്ളിലുള്ളവരാണ്.സമീപകാലത്ത് അംഗസംഖ്യയിൽ മുന്നേറ്റമുണ്ടെങ്കിലും മലപ്പുറം ജില്ലയിൽ യുഡിഎഫിൽ ലീഗിനു പിന്നിൽ രണ്ടാമത്തെ പാർട്ടിയാണു കോൺഗ്രസ്. ആ നിലയ്ക്കു ലീഗ് അണികൾക്കു കൂടി താൽപര്യമുള്ള സ്ഥാനാർഥിയാകും വരിക. ഡിസിസി പ്രസിഡന്റ് സ്ഥാനത്തു മൂന്നരവർഷമായ ജോയി മുൻപു മലമ്പുഴയിൽ വി.എസ്.അച്യുതാനന്ദനോടു മത്സരിച്ചിട്ടുണ്ട്. ഷൗക്കത്ത് നിലമ്പൂരിൽ തന്നെ പി.വി.അൻവറിനോടും മത്സരിച്ചു.
Source link