KERALAM

വിഴിഞ്ഞം തുറമുഖ കമ്മിഷനിംഗ്: പ്രധാനമന്ത്രിയെ ക്ഷണിക്കും

തിരുവനന്തപുരം: വയബിലിറ്റി ഗ്യാപ് ഫണ്ടിനെച്ചൊല്ലി (വി.ജി.എഫ്) കേന്ദ്രവുമായുള്ള തർക്കം തീർന്നതോടെ വിഴിഞ്ഞം തുറമുഖ കമ്മിഷനിംഗിന് പ്രധാനമന്ത്രിയെ സർക്കാർ വീണ്ടും ഔദ്യോഗികമായി ക്ഷണിക്കും. കമ്മിഷനിംഗിന് സമയം അനുവദിക്കണമെന്ന മുഖ്യമന്ത്രിയുടെ കത്തിന് പ്രധാനമന്ത്രിയുടെ ഓഫീസ് നേരത്തെ മറുപടി നൽകിയിരുന്നില്ല. പാർലമെന്റ് സമ്മേളനം അവസാനിക്കുന്ന മുറയ്ക്ക് വീണ്ടും ഔദ്യോഗികമായി കത്തുനൽകും. മുഖ്യമന്ത്രി ഡൽഹിയിലെത്തി പ്രധാനമന്ത്രിയെ നേരിട്ട് ക്ഷണിക്കാനും ഇടയുണ്ട്.

തുറമുഖ കമ്മിഷനിംഗിന് ഇനി കേന്ദ്രാനുമതികളൊന്നും നേടേണ്ടതില്ല. ലോകത്തെ വമ്പൻ കപ്പലുകളെല്ലാം വിഴിഞ്ഞത്തെത്തിയിട്ടുണ്ട്. അതിനാൽ സാങ്കേതിക പരിശോധനകളൊന്നും കൂടാതെ കമ്മിഷൻ ചെയ്യാനാവും. കമ്മിഷൻ ചെയ്തശേഷമേ 817.8കോടിയുടെ കേന്ദ്ര വി.ജി.എഫ് ലഭിക്കൂ. കമ്മിഷൻ ചെയ്ത് 10വർഷത്തിനു ശേഷം സംസ്ഥാനത്തിന് വരുമാനം ലഭിച്ചുതുടങ്ങും.

തുറമുഖത്തിന്റെ തുടർഘട്ടങ്ങളുടെ നിർമ്മാണത്തിന് കേന്ദ്രത്തിന്റെ പാരിസ്ഥിതിക അനുമതി ലഭിച്ചിട്ടുണ്ട്. രണ്ടാംഘട്ട വികസനത്തിനായി ഭൂമി കണ്ടെത്തുന്നത് കടൽ നികത്തിയായിരിക്കും. കണ്ടെയ്‌നർ ടെർമിനൽ 1,200 മീറ്റർ കൂടി ദീർഘിപ്പിച്ച് 2000 മീറ്ററാക്കും. 30 ലക്ഷം കണ്ടെയ്നർ വരെ വാർഷിക ശേഷിയുള്ള കണ്ടെയ്‌നർ യാർഡ് നിർമ്മിക്കാൻ ആവശ്യമായ 77.17 ഹെക്ടർ വിസ്തൃതിയിലുള്ള ഭൂമിയാണ് ഡ്രഡ്ജിംഗിലൂടെ കടൽ നികത്തി കണ്ടെത്തുക. ആദ്യഘട്ടത്തിൽ 63 ഹെക്ടർ ഭൂമിക്കായി കടൽ നികത്തിയിരുന്നു.

‘വി.ജി.എഫ് സ്വീകരിച്ചത് വികസനം മുന്നിൽകണ്ട്’

തിരിച്ചടവ് വ്യവസ്ഥകളോടെ കേന്ദ്രത്തിന്റെ 817.80 കോടി വി.ജി.എഫ് വാങ്ങാൻ തീരുമാനിച്ചത് സംസ്ഥാനത്തിന്റെ ഭാവി വികസനം മുന്നിൽ കണ്ടാണെന്ന് മന്ത്രി വി.എൻ.വാസവൻ. 7700 കോടി ചെലവുള്ള ആദ്യഘട്ടത്തിൽ 4600 കോടി സംസ്ഥാനമാണ് മുടക്കിയത്. പുലിമുട്ടിന് 1350 കോടി സർക്കാരാണ് നൽകിയത്. ചരക്കുനീക്കത്തിനുള്ള റെയിൽപ്പാതയ്ക്ക് 1482.92 കോടിയും ചെലവാക്കും. നവകേരള നിർമ്മിതി സാദ്ധ്യമാക്കാൻ ഈ ഉത്തരവാദിത്വം കൂടി സംസ്ഥാന സർക്കാർ ഏറ്റെടുക്കുകയാണ്.


Source link

Related Articles

Back to top button