തോവാള മാണിക്യമാലയ്ക്കും കുംഭകോണം വെറ്റിലയ്ക്കും ഭൗമസൂചികാ പദവി

ചെന്നൈ ∙ തോവാള മാണിക്യമാലയ്ക്കും കുംഭകോണം വെറ്റിലയ്ക്കും ഭൗമസൂചികാ (ജിഐ) പദവി ലഭിച്ചു. കന്യാകുമാരിയിലെ തോവാളയിൽനിന്നുള്ള മാലയുടെ തനതുരൂപവും നിറവും ഗന്ധവുമാണ് അപൂർവ ബഹുമതിക്ക് അർഹമാക്കിയത്. അരളി, റോസ് ഉൾപ്പെടെ വ്യത്യസ്ത നിറങ്ങളിലുള്ള പൂക്കൾ ഉപയോഗിച്ചു നിർമിക്കുന്ന മാലയ്ക്ക് രത്നാഭരണത്തിന്റെ പകിട്ടും ചാരുതയുമുണ്ട്. കൃത്രിമ പൂക്കൾ, നിറങ്ങൾ എന്നിവ ഉപയോഗിക്കില്ലെന്നതും 4 ദിവസം വരെ കേടുകൂടാതെ സൂക്ഷിക്കാമെന്നതും സവിശേഷതയാണ്. തമിഴ്നാട്ടിൽ എത്തുന്ന പ്രമുഖ രാഷ്ട്രീയനേതാക്കളെ ഈ മാല അണിയിച്ചു വരവേൽക്കാറുണ്ട്. കേരളത്തിലേക്കും ശ്രീലങ്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യുന്നുണ്ട്.വെറ്റിലക്കൃഷിക്കു പ്രശസ്തമായ കുംഭകോണത്തിനുള്ള അംഗീകാരം കൂടിയാണ് ജിഐ പദവി. മണ്ണിന്റെ മികവും കാവേരി നദിയിലെ ജലവും വെറ്റിലക്കൃഷിക്ക് യോജ്യമാണ്. പ്രത്യേക സുഗന്ധം കൂടിയുള്ളതിനാൽ വെറ്റില തേടി ഇവിടേക്ക് ഒട്ടേറെപ്പേർ എത്തുന്നു.
Source link