എൻപിഎസിൽ നിന്ന് യുപിഎസിലേക്ക്: അപേക്ഷ ജൂൺ 30നു മുൻപ്

ന്യൂഡൽഹി ∙ കേന്ദ്ര ജീവനക്കാർക്കുള്ള പുതിയ യൂണിഫൈഡ് പെൻഷൻ സ്കീം (യുപിഎസ്) നിലവിൽ വന്നു. യുപിഎസിലേക്കു മാറാൻ ആഗ്രഹിക്കുന്ന കേന്ദ്ര ജീവനക്കാർ ജൂൺ 30നു മുൻപായി ഓൺലൈനായോ നേരിട്ടോ അപേക്ഷ നൽകണം. ഇല്ലെങ്കിൽ നിലവിലെ എൻപിഎസിൽ (നാഷനൽ പെൻഷൻ സിസ്റ്റം) തന്നെ തുടരും. ഓപ്ഷൻ തിരഞ്ഞെടുത്താൽ പിന്നീട് മാറാൻ കഴിയില്ല. അപേക്ഷ നൽകാനുള്ള പോർട്ടലും ആരംഭിച്ചു. വെബ്സൈറ്റ്: npscra.nsdl.co.in/ups.phpഎൻപിഎസ് നിലവിൽ വന്ന 2004 ജനുവരി 1 മുതൽ കേന്ദ്രസർവീസിൽ പ്രവേശിച്ചവർക്കാണ് മാറാൻ അവസരം. നിലവിലുള്ള ജീവനക്കാർ എ2 ഫോമും ഇന്നലെ മുതൽ ജോലിയിൽ പ്രവേശിച്ചവർ എ1 ഫോമും ഉപയോഗിക്കണം. പെൻഷൻ ഫണ്ട് റഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അതോറിറ്റിക്കാണ് (പിഎഫ്ആർഡിഎ) യുപിഎസിന്റെ ചുമതല. നാഷനൽ പെൻഷൻ സിസ്റ്റത്തിന്റെ (എൻപിഎസ്) ഭാഗമായ ജീവനക്കാർ യുപിഎസിലേക്കു മാറുമ്പോൾ നിലവിൽ അവരുടെ പെൻഷൻ അക്കൗണ്ടിലെ തുക യുപിഎസിന്റെ വ്യക്തിഗത സഞ്ചിതനിധിയിലേക്കു (കോർപസ്) നീക്കും. പെൻഷൻ എത്ര കിട്ടും? ∙യുപിഎസ് സ്കീമിൽ എത്ര രൂപ പ്രതിമാസ പെൻഷൻ ലഭിക്കുമെന്ന് കണക്കാക്കാൻ യുപിഎസ് കാൽക്കുലേറ്ററും പിഎഫ്ആർഡിഎ ഓൺലൈനായി ലഭ്യമാക്കിയിട്ടുണ്ട്. ലിങ്ക്: bit.ly/upscalcu. ജോലിക്കു ചേർന്ന തീയതി, അടിസ്ഥാന ശമ്പളം, വിരമിക്കുന്ന തീയതി തുടങ്ങിയവ നൽകിയാൽ മതി. യുപിഎസിലേക്കു മാറാൻ ഓൺലൈനായി ∙ enps.nsdl.com എന്ന വെബ്സൈറ്റിൽ യൂണിഫൈഡ് പെൻഷൻ സ്കീമിനു താഴെയുള്ള ‘NPS to UPS Migration’ ഓപ്ഷനെടുക്കുക. ∙ എൻപിഎസിലെ പ്രാൺ ഐഡി (പെർമനന്റ് റിട്ടയർമെന്റ് അക്കൗണ്ട് നമ്പർ) ജനനത്തീയതി നൽകി ലോഗിൻ ചെയ്യുക. ഒടിപി വെരിഫിക്കേഷനു ശേഷം ഡിക്ലറേഷൻ വിൻഡോ തുറക്കും. യുപിഎസിലേക്ക് മാറാൻ ആഗ്രഹിക്കുന്നുവെന്ന സാക്ഷ്യപ്പെടുത്തലാണിത്. ∙ ഇതു വായിച്ചുനോക്കിയ ശേഷം ‘I have accepted…’ എന്നതിൽ ടിക് ചെയ്ത് ഇ–സൈനിങ്ങിലേക്ക് നീങ്ങുക. ആധാർ നമ്പർ നൽകി ഇ–സൈൻ ചെയ്യാം. ഒടിപി നൽകിയ ശേഷം, മൈഗ്രേഷൻ ഫോം ഭാവി ആവശ്യങ്ങൾക്കായി ഡൗൺലോഡ് ചെയ്യാം. പുതിയ ജീവനക്കാർ ‘Register for UPS’ ഓപ്ഷൻ ഉപയോഗിക്കണം. ഓഫ്‍ലൈനായി ∙ npscra.nsdl.co.in/ups.php എന്ന ലിങ്കിൽ നിന്ന് ഫോം എ2 ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് ഡ്രോയിങ് ആൻ ഡിസ്ബേഴ്സിങ് ഓഫിസർക്ക് (ഡിഡിഒ) നേരിട്ട് നൽകാം.
Source link