‘പാർപ്പിടം അവകാശം, പൊളിച്ച രീതി ഞെട്ടിച്ചു’: യുപിയിലെ ബുൾഡോസർ നടപടിയിൽ വീണ്ടും സുപ്രീം കോടതി

ന്യൂഡൽഹി ∙ നടപടിക്രമം പാലിക്കാതെ കയ്യേറ്റമൊഴിപ്പിക്കലെന്നപേരിൽ വീടുകൾ ഇടിച്ചു നിരത്തിയ ഉത്തർപ്രദേശ് പ്രയാഗ്‌രാജിലെ വികസന അതോറിറ്റി 10 ലക്ഷം രൂപ വീതം 6 വീട്ടുടമകൾക്കു നൽകണമെന്ന് സുപ്രീം കോടതി വിധിച്ചു. പ്രയാഗ്‌രാജിൽ അധികൃതർ നടത്തിയത് നിയമവിരുദ്ധവും മനുഷ്യത്വരഹിതവുമായ നടപടിയാണെന്നും പാർപ്പിടാവകാശം ഭരണഘടന ഉറപ്പുനൽകുന്ന വ്യക്തിസ്വാതന്ത്ര്യത്തിന്റെ പ്രധാന ഘടകമാണെന്നും കോടതി ചൂണ്ടിക്കാട്ടി.പാർപ്പിടത്തിനുള്ള അവകാശം, നടപടിക്രമം എന്നിങ്ങനെ ചിലത് ഉണ്ടെന്നും അധികൃതരുടെ നടപടി മനഃസാക്ഷിയെ ഞെട്ടിക്കുന്നുവെന്നും കോടതി പറഞ്ഞു. ഉരുക്കുമുഷ്ടി ഉപയോഗിച്ചാണ് അവിടെ വീടുകൾ തകർത്തത്. നോട്ടിസ് അയച്ച നടപടിക്രമത്തിൽ വീഴ്ചയുണ്ടായി. ബന്ധപ്പെട്ടവർക്ക് നേരിട്ടു നോട്ടിസ് എത്തിച്ചു കൊടുക്കുന്നതിനുപകരം ചുമരിൽ പതിച്ചുപോകുന്ന രീതി അവസാനിപ്പിക്കണം. യുപി നഗരാസൂത്രണ വികസന നിയമപ്രകാരം, ബന്ധപ്പെട്ട കക്ഷിക്കു മറുപടി നൽകാൻ മതിയായ സമയം നൽകിയശേഷം മാത്രമേ വീടു പൊളിക്കാവു. നോട്ടിസ് കൃത്യമായി നൽകാതെ പൊളിക്കരുതെന്നും ഉണ്ട്. ഈ കേസിലെ വസ്തുത പ്രകാരം, നോട്ടിസ് റജിസ്ട്രേഡ് തപാൽ വഴി അയച്ചതിന്റെ പിറ്റേന്നു തന്നെ പൊളിച്ചു. പൊളിച്ചുനീക്കലിൽ നടപടിക്രമം പാലിക്കുന്ന കാര്യത്തിൽ 2024 ലാണ് സുപ്രീം കോടതി ഉത്തരവു പുറപ്പെടുവിച്ചതെങ്കിലും നടപടിക്രമം പാലിച്ചിരിക്കണമെന്നു യുപി സർക്കാരിന്റെ നിയമത്തിലുണ്ടെന്നു കോടതി വ്യക്തമാക്കി.പ്രയാഗ്‌രാജിൽ 6 പേരുടെ പൊളിച്ചുനീക്കിയ വീടുകൾ പുനർനിർമിക്കാൻ ഉടമകൾക്ക് സുപ്രീം കോടതി അനുമതി നൽകിയെങ്കിലും സാമ്പത്തിക ഞെരുക്കം ഹർജിക്കാർ ഉന്നയിച്ചു. തുടർന്നാണു നഷ്ടപരിഹാരം നൽകാൻ കോടതി നിർദേശിച്ചത്. പൊളിച്ചഭാഗം പുനർനിർമിക്കാൻ അനുവദിച്ച കോടതി, അപ്പീൽ നൽകാനും നിർദേശിച്ചു. അപ്പീൽ തള്ളിപ്പോയാൽ പുനർനിർമിക്കുന്ന ഭാഗം ഹർജിക്കാർ പൊളിച്ചു കളയുമെന്നു സത്യവാങ്മൂലം നൽകണമെന്ന ഉപാധിയോടെയാണ് അനുമതി.
Source link