INDIA

ഫാഷിസം: വിശ്വാസികളും അവിശ്വാസികളും ഇന്ന് ഒരേ വേദിയിൽ


മധുര ∙ ഫാഷിസം സംബന്ധിച്ച തർക്കത്തിലെ ‘വിശ്വാസികളും അവിശ്വാസികളും’ ഇന്നു സിപിഎം പാർട്ടി കോൺഗ്രസ് ഉദ്ഘാടനവേദിയിൽ ഒന്നിക്കും. മോദി സർക്കാരിന്റേതു ഫാഷിസ്റ്റ് ഭരണമാണെന്ന നിലപാടിലാണ് സിപിഐ, സിപിഐ–എംഎൽ എന്നിവ. ഭരണം ഫാഷിസമായിട്ടില്ല, അതിന്റെ സ്വഭാവമേയുള്ളൂ എന്നു സിപിഎം വിശ്വസിക്കുന്നു. ജനറൽ സെക്രട്ടറിമാരായ ഡി.രാജ (സിപിഐ), ദിപാങ്കർ ഭട്ടാചാര്യ (സിപിഐ–എംഎൽ), മനോജ് ഭട്ടാചാര്യ (ആർഎസ്പി), ജി.ദേവരാജൻ (ഫോർവേഡ് ബ്ലോക്) എന്നിവർ ഉദ്ഘാടനസമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. മോദിഭരണത്തെ ഇവർ എങ്ങനെ വിശേഷിപ്പിക്കുമെന്നു മാത്രമല്ല, ഇനിയും ഫലപ്രദമാകാത്ത ഇടത് ഐക്യത്തെക്കുറിച്ചു വിമർശനമുന്നയിക്കുമോ എന്നുമാണു കാണേണ്ടത്.ആർഎസ്എസ് ഫാഷിസ്റ്റ് പ്രസ്ഥാനമാണെന്നതിൽ ഇടതുപാർട്ടികൾ തമ്മിൽ തർക്കമില്ല. ബിജെപി സർക്കാരിനെ എന്തു വിളിക്കണമെന്നതിലാണു തർക്കം. ഇറ്റാലിയൻ ഫാഷിസ്റ്റ് മുസോളിനിയിൽനിന്നുൾപ്പെടെ പ്രചോദനം ഉൾക്കൊണ്ട ആർഎസ്എസ് ഫാഷിസ്റ്റാണെന്നും അതിന്റെ രാഷ്ട്രീയവിഭാഗമായാണു ബിജെപിയെ കാണേണ്ടതെന്നുമാണു സിപിഐ നിലപാട്. അത് ഇന്ന് സിപിഎം വേദിയിലും ഡി.രാജ എടുത്തുപറഞ്ഞേക്കും.ഫാഷിസം വിഷയത്തിൽ സിപിഎമ്മിനെ പരസ്യമായി പരിഹസിച്ചയാളാണ് സിപിഐ–എംഎൽ ജനറൽ സെക്രട്ടറി ദിപാങ്കർ ഭട്ടാചാര്യ. ബിജെപി ഭരണം ഫാഷിസമെന്നു വിളിക്കാൻ ഇതുവരെ സംഭവിച്ചതൊന്നും പോരാ എന്നു പറഞ്ഞിരിക്കാതെ ഫാഷിസ്റ്റ് വിരുദ്ധ ഐക്യത്തിനാണു സിപിഎം താൽപര്യപ്പെടേണ്ടതെന്നു ദിപാങ്കർ ചൂണ്ടിക്കാട്ടിയിരുന്നു. ഇടത് ഐക്യത്തിനു മുൻകയ്യെടുത്തില്ലെന്നു മറ്റുള്ളവർ വിമർശിച്ചാൽ കുറ്റമേറ്റ് രക്ഷപ്പെടാൻ സിപിഎം ശ്രമിക്കുമെന്നു വിലയിരുത്താം. ഇന്ത്യാമുന്നണി തിരഞ്ഞെടുപ്പിനുവേണ്ടി മാത്രമുള്ളതെന്ന കോൺഗ്രസ് നിലപാടിനോടുള്ള എതിർപ്പും ഇടതുകക്ഷികളിൽ ചിലരെങ്കിലും ഉന്നയിച്ചേക്കാം.


Source link

Related Articles

Back to top button