KERALAM

എം.ബി.എ ഉത്തരക്കടലാസ് കളഞ്ഞ അദ്ധ്യാപകനെ സസ്പെൻഡ് ചെയ്യും പരീക്ഷാവിലക്കും ചെലവ് ഈടാക്കലും പിന്നാലെ

തിരുവനന്തപുരം: കേരള സർവകലാശാലയിലെ 71 എം.ബി.എ വിദ്യാർത്ഥികളുടെ ഉത്തരക്കടലാസുകൾ നഷ്ടപ്പെടുത്തിയ അദ്ധ്യാപകൻ പ്രമോദിനെ സസ്പെൻഡ് ചെയ്യും. പൂജപ്പുര ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റിലെ ഗസ്റ്റ് അദ്ധ്യാപകനാണ് പ്രമോദ്. വി.സി ഡോ.മോഹനൻ കുന്നുമ്മേലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഇതു സംബന്ധിച്ച് കോളേജിന് നിർദ്ദേശം നൽകാൻ തീരുമാനിച്ചു. അന്വേഷണത്തിന്റെ ഭാഗമായി നാലിന് അദ്ധ്യാപകനും മാനേജ്മെന്റ് പ്രതിനിധികളും സർവകലാശാലയിൽ ഹാജരാകണം. ഹിയറിംഗിനുശേഷം പരീക്ഷാജോലികളിൽ നിന്ന് സ്ഥിരമായി വിലക്കുന്നതും പ്രത്യേക പരീക്ഷയുടെ ചെലവ് അദ്ധ്യാപകനിൽ നിന്ന് ഈടാക്കുന്നതുമടക്കം തീരുമാനിക്കും. എന്നാൽ, ഉത്തരക്കടലാസ് നഷ്ടമായെന്ന് ജനുവരിയിൽ അദ്ധ്യാപകൻ അറിയിച്ചിട്ടും മാർച്ച് വരെ മറച്ചുവച്ച സർവകലാശാല ഉദ്യോഗസ്ഥർക്കെതിരേ അന്വേഷണവും നടപടിയുമില്ല.

പ്രത്യേകപരീക്ഷ ഏപ്രിൽ ഏഴിന് നടത്തുന്ന കാര്യത്തിൽ മാറ്റമില്ല. 5എം.ബി.എ കോളേജുകളിലെയും രണ്ട് യു.ഐ.എമ്മുകളിലെയും (യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ്) വിദ്യാർത്ഥികൾക്കാണ് പരീക്ഷ. പരീക്ഷാഫീസ് ഈടാക്കില്ല. സൗകര്യപ്രദമായ പരീക്ഷാകേന്ദ്രങ്ങൾ അനുവദിക്കും. ഏഴാംതീയതി അസൗകര്യമുള്ളവർക്ക് 22ന് വീണ്ടും പരീക്ഷ നടത്തും. പുനഃപരീക്ഷയൊഴിവാക്കി മുൻ പരീക്ഷകളുടെ ശരാശരി മാർക്ക് നൽകി ഫലം പ്രഖ്യാപിക്കണമെന്ന് സിൻഡിക്കേറ്റിലെ യു.ഡി.എഫ് അംഗം വൈ. അഹമ്മദ് ഫസിൽ യോഗത്തിൽ ആവശ്യപ്പെട്ടു. പുനഃപരീക്ഷ നടത്താമെന്നും പരീക്ഷ എഴുതാൻ കഴിയാത്തവർക്ക് മാത്രം ശരാശരി മാർക്ക്‌ നൽകാമെന്നും ബി.ജെ.പി അംഗങ്ങളും പുനഃപരീക്ഷ വേണമെന്ന് ഇടത് അംഗങ്ങളും നിർദ്ദേശിച്ചു. മുൻപരീക്ഷകളിൽ പരാജയപ്പെട്ടവരും ഹാജരാവാത്തവരുമുള്ളതിനാൽ ശരാശരി മാർക്ക് നൽകുക പ്രായോഗികമല്ലെന്ന് വി.സി നിലപാടെടുത്തു. എല്ലാവരെയും വിജയിപ്പിക്കുന്നതും തെറ്റായ കീഴ്‌വഴക്കമായിരിക്കും. അതിനാൽ,​ പ്രത്യേകപരീക്ഷ ഒഴിവാക്കാനാവില്ലെന്നാണ് വിശദീകരണം. രജിസ്ട്രാർ, പരീക്ഷാകൺട്രോളർ, പരീക്ഷാവിഭാഗത്തിലെ ഉദ്യോഗസ്ഥർ, കമ്പ്യൂട്ടർ സെന്റർ ഡയറക്ടർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

ആഭ്യന്തര അന്വേഷണം

പരീക്ഷാനടത്തിപ്പിലെ പിഴവുകളെക്കുറിച്ച് ആഭ്യന്തര അന്വേഷണം നടത്താനും തീരുമാനിച്ചു. ഇനി പ്രസിദ്ധീകരിക്കാനുള്ള പരീക്ഷാഫലങ്ങളുടെ വിവരങ്ങൾ 10ദിവസത്തിനകം ഹാജരാക്കാൻ വി.സി നിർദ്ദേശിച്ചിട്ടുണ്ട്. മൂല്യനിർണയം വേഗത്തിൽ നടത്തി ഫലം പ്രഖ്യാപിക്കണമെന്നും നിർദ്ദേശമുണ്ട്.


Source link

Related Articles

Back to top button