പന്നു വധശ്രമ പരാതി: ഡോവലിന് സമൻസ് കൈമാറിയില്ലെന്ന് യുഎസ് കോടതി

ന്യൂയോർക്ക് ∙ ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഗുർപട്പന്ത് സിങ് പന്നുവിനെ വധിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനു സമൻസ് കൈമാറിയിട്ടില്ലെന്ന് യുഎസ് കോടതി വ്യക്തമാക്കി. കഴിഞ്ഞ ഫെബ്രുവരിയിൽ വാഷിങ്ടൻ സന്ദർശനത്തിനിടെ ഡോവലിന് സമൻസ് അടക്കം കോടതിരേഖകൾ നൽകിയെന്ന പന്നുവിന്റെ അവകാശവാദം തള്ളിയ യുഎസ് ഡിസ്ട്രിക്ട് കോടതി ജഡ്ജി, സമൻസ് കൈമാറ്റ നടപടി പൂർത്തിയായിട്ടില്ലെന്നും വ്യക്തമാക്കി.യുഎസിൽവച്ചു തന്നെ കൊല്ലാൻ ശ്രമിച്ചെന്നാരോപിച്ച് ഡോവലിനും നിഖിൽ ഗുപ്തയ്ക്കുമെതിരെയാണു പന്നു പരാതി നൽകിയത്. ഡോവലിനു സമൻസ് നൽകിയെന്ന അവകാശവാദം ഇന്ത്യ നിഷേധിച്ചിരുന്നു.ഫെബ്രുവരി 12–13 തീയതികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമാണ് ഡോവൽ വാഷിങ്ടൻ സന്ദർശിച്ചത്. യുഎസ് പ്രസിഡന്റിന്റെ അതിഥിമന്ദിരമായ ബ്ലെയർ ഹൗസിലായിരുന്നു ഡോവലിന്റെ താമസം. ഇവിടെ കോടതിരേഖകളുമായെത്തിയവരെ സുരക്ഷാ ഉദ്യോഗസ്ഥർ രണ്ടുവട്ടവും അകത്തേക്കു കയറ്റിവിട്ടില്ലെന്നും അതിനാൽ തൊട്ടടുത്ത കോഫി സ്റ്റോറിൽ ഏൽപിച്ചുവെന്നുമാണു പന്നു കോടതിയെ അറിയിച്ചത്. ഇതേത്തുടർന്നാണു സമൻസ് നൽകിയിട്ടില്ലെന്നു ജഡ്ജി അറിയിച്ചത്.
Source link