എമ്പുരാൻ വിവാദം കച്ചവട നാടകമെന്ന് സുരേഷ് ഗോപി

ന്യൂഡൽഹി: കച്ചവടത്തിനായുള്ള നാടകമാണ് എമ്പുരാൻ വിഷയത്തിൽ നടക്കുന്നതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. സിനിമയിലെ ഭാഗങ്ങൾ മുറിക്കാൻ ആരും ആവശ്യപ്പെട്ടിട്ടില്ല. എമ്പുരാന്റെ അണിയറ പ്രവർത്തകരാണ് തീരുമാനിച്ചത്. ബിസിനസിന് വേണ്ടിയാണ് വിവാദമുണ്ടാക്കിയത്. പബ്ലിസിറ്റി സ്റ്റണ്ടാണ് നടക്കുന്നത്. ലാഭം കൊയ്യാനാണിതെന്നും സുരേഷ് ഗോപി പറഞ്ഞു.
എമ്പുരാൻ വിഷയം സഭ നിറുത്തിവച്ച് ചർച്ച ചെയ്യണമെന്ന് കേരളത്തിലെ ഇടതു-വലത് എം.പിമാർ ആവശ്യപ്പെട്ടു. സി.പി.എം എം.പി ജോൺ ബ്രിട്ടാസ് രാജ്യസഭയിലും, കോൺഗ്രസ് എം.പിമാരായ ബെന്നി ബഹനാനും ആന്റോ ആന്റണിയും ലോക്സഭയിലും അടിയന്തരപ്രമേയ നോട്ടീസ് നൽകി. വിവാദങ്ങൾ ദൗർഭാഗ്യകരവും ആവിഷ്കാര സ്വാതന്ത്ര്യം ഇല്ലാതാക്കുന്നതുമാണെന്ന് ജോൺ ബ്രിട്ടാസ് ചൂണ്ടിക്കാട്ടി. ആവിഷ്കാര സ്വാതന്ത്ര്യം ചോദ്യം ചെയ്യുന്ന നടപടി അംഗീകരിക്കാനാകില്ലെന്ന് ബെന്നി ബഹനാൻ വ്യക്തമാക്കി. മൗലികാവകാശങ്ങൾ സംരക്ഷിക്കാൻ കേന്ദ്രസർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആന്റോ ആന്റണി ആവശ്യപ്പെട്ടു.
ഭീഷണിയില്ലെന്ന് ആന്റണി പെരുമ്പാവൂർ
എമ്പുരാൻ റീ എഡിറ്റ് ചെയ്തത് ആരുടെയും സമ്മർദ്ദവും ഭീഷണിയും കാരണമെല്ലെന്ന് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ പറഞ്ഞു. സംവിധായകൻ പൃഥ്വിരാജും നടൻ മോഹൻലാലുമുൾപ്പെടെ എല്ലാവരുടെയും സമ്മതത്തോടെയാണ് വീണ്ടും എഡിറ്റ് ചെയ്തത്.
സിനിമ കാരണം ആർക്കെങ്കിലും സങ്കടമുണ്ടെങ്കിൽ തിരുത്താൻ നിർമ്മാതാവിനും സംവിധായകനും അഭിനയിച്ചവർക്കും ബാദ്ധ്യതയുണ്ട്. സിനിമയുമായി ബന്ധപ്പെട്ട എല്ലാവരും ഒരുമിച്ചെടുത്ത തീരുമാനമാണ്. തിരക്കഥ രചിച്ച മുരളി ഗോപിക്ക് അതിനോട് വിയോജിപ്പും അതൃപ്തിയുമുണ്ടെന്ന് കരുതുന്നില്ല. ഒരാൾക്ക് വിയോജിപ്പുണ്ടെങ്കിൽ തിരുത്താനാകില്ല. രണ്ടു മിനിറ്റും ഏതാനും സെക്കൻഡും മാത്രമാണ് മാറ്റിയത്. മുമ്പും സിനിമകൾ റീ എഡിറ്റ് ചെയ്തിട്ടുണ്ട്.
മോഹൻലാലിന് സിനിമയുടെ കഥയറിയാം. അറിയില്ലെന്ന് തങ്ങളാരും പറഞ്ഞിട്ടില്ല. അങ്ങനെ പറയുന്നതിനോട് യോജിപ്പില്ല. മേജർ രവി പറഞ്ഞതിനെക്കുറിച്ച് പ്രതികരിക്കുന്നില്ല. പൃഥ്വിരാജിനെ ഒറ്റപ്പെടുത്തേണ്ട കാര്യമില്ല. ഒന്നിച്ചെടുത്ത തീരുമാനമാണ് ഈ സിനിമ നിർമ്മിക്കുകയെന്നത്. തെറ്റുചെയ്യാൻവേണ്ടി സിനിമയെടുത്തതല്ല. ലോകമെങ്ങും സിനിമ സന്തോഷത്തോടെ സ്വീകരിക്കപ്പെട്ടിട്ടുണ്ട്. മൂന്നാം ഭാഗം ഉറപ്പായുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
Source link