ട്രെയിനിൽ നിലത്തിരുന്നു, പല സംസ്ഥാനങ്ങളിൽ തിരച്ചിൽ; 13കാരനെ കണ്ടെത്താൻ ‘ഒരു പൊലീസ് യാത്ര’

കോഴിക്കോട്∙ വേദവ്യാസ സൈനിക സ്കൂളിൽനിന്നു കാണാതായ പതിമൂന്നുകാരനു വേണ്ടി വിവിധ സംസ്ഥാനങ്ങളിലൂടെ കേരള പൊലീസ് അലഞ്ഞത് ഏഴു ദിവസം. ബിഹാർ മകത്പുർ സ്വദേശിയായ വിദ്യാർഥിക്കു വേണ്ടിയാണ് പൊലീസ് പല സംസ്ഥാനങ്ങളിൽ തിരച്ചിൽ നടത്തിയത്. ഒടുവിൽ പുണെയിൽനിന്നു കണ്ടെത്തിയപ്പോൾ സ്കൂൾ അധികൃതരും കുടുംബവും വലിയ ആശ്വാസത്തിലായി.23 പൊലീസുകാരാണ് പതിമൂന്നുകാരനു വേണ്ടി നാടൊട്ടുക്കും അലഞ്ഞത്. ബിഹാർ, കാട്പാടി, കാച്ചിക്കുട തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പൊലീസെത്തി. പലപ്പോഴും ട്രെയിനിൽ ജനറൽ കംപാർട്മെന്റിൽ നിലത്തിരുന്നാണു ദീർഘദൂര യാത്രകൾ നടത്തിയത്. വിദ്യാർഥി ഫോണോ സമൂഹമാധ്യമങ്ങളോ ഉപയോഗിക്കാതിരുന്നതിനാൽ എവിടേക്ക് പോകുന്നെന്ന് യാതൊരു തുമ്പും ഇല്ലായിരുന്നു. പുണെയിലെ ബന്ധുവീട്ടിലേക്ക് പോകുന്നെന്ന് ഒരു സഹപാഠിയോട് പറഞ്ഞ വിവരം വച്ചാണ് പുണെയിലെത്തിയത്. സിസിടിവി ദൃശ്യങ്ങളും തെളിവായി. പാലക്കാട് റെയിൽവേ സ്റ്റേഷനിലെ സിസിടിവി പരിശോധിച്ചപ്പോൾ കന്യാകുമാരി – പുണെ ട്രെയിനിൽ വിദ്യാർഥി ഓടിക്കയറുന്ന ദൃശ്യം കണ്ടെത്തി. ഹോസ്റ്റലിൽനിന്നു പോകുന്നതുവരെ ഫോണും സമൂഹമാധ്യമങ്ങളും ഉപയോഗിച്ചിരുന്നു. എന്നാൽ ഹോസ്റ്റൽ വിട്ടശേഷം ആരുമായും ബന്ധം പുലർത്തിയില്ല. ഇതോടെ സാഹചര്യത്തെളിവുകൾ മാത്രമായിരുന്നു പൊലീസിന്റെ പിടിവള്ളി.
Source link