KERALAM

‘രാജധർമം മറന്ന ഗുജറാത്ത് ഭരണാധികാരിയെ കുറിച്ച് വാജ്‌പേയി നടത്തിയ വിമർശനം ഒന്നുപോലും ഈ സിനിമയിൽ പറയുന്നില്ല’

തിരുവനന്തപുരം: രാഷ്ട്രീയ വിവാദം സൃഷ്ടിച്ച എമ്പുരാൻ സിനിമയെ പിന്തുണച്ച് മന്ത്രി എംബി രാജേഷ്. സിനിമയിൽ എല്ലാ രാഷ്ട്രീയ പാർട്ടികളേയും വിമർശിക്കുകയും പരിഹസിക്കുകയും ചെയ്യുന്നുണ്ടെന്ന് എംബി രാജേഷ് പറഞ്ഞു. എന്നാൽ സംഘപരിവാറിനു മാത്രം ഇത്ര പ്രകോപനം തോന്നുന്നുവെങ്കിൽ വംശഹത്യയുടെ ചോരക്കറകൾ പുരണ്ട പാപപങ്കിലമായ കൈകൾ ഞങ്ങളുടെതാണെന്ന് അവർ ഈ പ്രതിഷേധത്തിലൂടെ സ്വയം വിളിച്ചു പറയുകയാണെന്നും എംബി രാജേഷ് കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു മന്ത്രിയുടെ പ്രതികരണം.

‘വംശഹത്യ അരങ്ങേറിയപ്പോൾ രാജധർമം മറന്ന ഗുജറാത്തിലെ ഭരണാധികാരിയെ കുറിച്ച് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന വാജ്‌പേയി നടത്തിയ നേരിട്ടുള്ള വിമർശനം പോലുള്ള ഒന്നുപോലും ഈ സിനിമയിൽ പറയുന്നില്ല. കേരള സ്റ്റോറിയും കാശ്മീർ ഫയൽസും പോലുള്ള പ്രൊപ്പഗാന്റ സിനിമകളെ ആഘോഷമാക്കിയവർ എമ്പുരാനെതിരെ ആക്രോശിക്കാൻ കാരണവും മറ്റൊന്നല്ല’- മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

എംബി രാജേഷ് ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പ്
ഇന്നലെ എമ്പുരാൻ കണ്ടു; അംഗഭംഗം വരുത്തുന്നതിന് മുമ്പുതന്നെ. ഇതിന്റെ പേരിലാണോ സംഘപരിവാർ ഇത്രമേൽ ആക്രോശമുയർത്തുന്നത് എന്ന അത്ഭുതമല്ലാതെ മറ്റൊന്നും തോന്നിയില്ല. ഒരു കലാസൃഷ്ടി എന്ന നിലയിൽ എമ്പുരാനും വിമർശിക്കപ്പെടണം. എന്നാൽ ഇവിടെ സിനിമയിലെ രാഷ്ട്രീയ ധ്വനികളുടെ പേരിലാണല്ലോ ബഹളം മുഴുവൻ.


ഗുജറാത്ത് വംശഹത്യയുടെ ചില രംഗങ്ങൾ സിനിമയിലുണ്ട്. ആ വംശഹത്യയിൽ അരങ്ങേറിയ ചില കൂട്ടക്കൊലകളുടെ മുഖ്യ സൂത്രധാരനായ കൊടും ക്രിമിനൽ ബാബാ ബജ്രംഗിയുടെ പേരും ഒരു കഥാപാത്രത്തിന് ഉപയോഗിക്കുന്നുണ്ട്. അതിനപ്പുറം സംഘപരിവാറിനെ കുറിച്ചോ അതിൽ പല തലങ്ങളിൽ ഉൾപ്പെട്ട നേതാക്കളെ കുറിച്ചോ പ്രത്യക്ഷ പരാമർശം ഒന്നുമില്ല.

വംശഹത്യ അരങ്ങേറിയപ്പോൾ രാജധർമം മറന്ന ഗുജറാത്തിലെ ഭരണാധികാരിയെ കുറിച്ച് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന വാജ്‌പേയി നടത്തിയ നേരിട്ടുള്ള വിമർശനം പോലുള്ള ഒന്നുപോലും ഈ സിനിമയിൽ പറയുന്നില്ല. പിന്നെന്താണ് പറയുന്നത്? ഇരകൾക്ക് അഭയമേകിയ രാജ്ഞി അവരോട് പറയുന്നു ‘ഈ സംഭവിച്ചതൊന്നും മതമോ വിശ്വാസമോ അല്ലെന്ന് കുട്ടികളോട് പറയണം. ഈ രക്തച്ചൊരിച്ചിലിന്റെ മുഴുവൻ കാരണം രാഷ്ട്രീയമാണ്. മതവും രാഷ്ട്രീയവും കലരുന്ന ചേരുവ മാരകമായ ഒന്നാണ്’. ഇത് സാധാരണഗതിയിൽ വർഗീയവാദികൾ അല്ലാത്ത ഒരാളെയും പ്രകോപിപ്പിക്കേണ്ട കാര്യമില്ല.

വംശഹത്യയുടെ കൊടും പാപങ്ങൾ മതത്തിന്റെ കണക്കിൽ എഴുതരുതെന്ന് ഉപദേശിക്കുന്നത് യഥാർത്ഥ മതവിശ്വാസികൾക്ക് ആശ്വാസമല്ലേ നൽകുക? വർഗീയതയുടെ അപസ്മാരം ബാധിച്ചവർക്ക് മാത്രമല്ലേ അതിൽ അസഹിഷ്ണുത തോന്നുക? ആ അസഹിഷ്ണുതയാണ് സംഘപരിവാറിൽ നിന്നുണ്ടാവുന്നത്. സിനിമയിൽ എല്ലാ രാഷ്ട്രീയ പാർട്ടികളേയും വിമർശിക്കുകയും പരിഹസിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ സംഘപരിവാറിനു മാത്രം ഇത്ര പ്രകോപനം തോന്നുന്നുവെങ്കിൽ വംശഹത്യയുടെ ചോരക്കറകൾ പുരണ്ട പാപപങ്കിലമായ കൈകൾ ഞങ്ങളുടെതാണ്, ഞങ്ങളുടേത് മാത്രമാണ് എന്നവർ ഈ പ്രതിഷേധത്തിലൂടെ സ്വയം വിളിച്ചു പറയുകയാണ്. ബാബാ ബജ്രംഗിയെ പോലൊരു കൊടും ക്രിമിനലിനെ വരെ ന്യായീകരിക്കാൻ ഇറങ്ങുന്നതിനർഥം വേറെന്താണ്?

വംശഹത്യയെ ഉപയോഗിച്ച് ന്യൂനപക്ഷങ്ങളിൽ ഉൾപ്പെട്ട യുവാക്കളെ ഇന്ത്യക്കെതിരെ തിരിക്കാൻ ശ്രമിക്കുന്ന ഇസ്ലാമിക തീവ്രവാദ ശക്തികളെയും സിനിമയിൽ ആവിഷ്‌കരിച്ചിട്ടുണ്ടല്ലോ? ഒരർത്ഥത്തിൽ മതങ്ങളുടെ മുഖംമൂടിയണിഞ്ഞ രണ്ട് തീവ്രവാദ ശക്തികൾ എങ്ങനെയാണ് പരസ്പരം വളരാൻ സഹായിക്കുന്നത് എന്നാണ് സിനിമ വ്യക്തമാക്കുന്ന ഒരു കാര്യം. ഒന്നില്ലെങ്കിൽ മറ്റൊന്നില്ല. ഒന്നുണ്ടെങ്കിലേ മറ്റൊന്നുള്ളൂ. കേരള സ്റ്റോറിയും കാശ്മീർ ഫയൽസും പോലുള്ള പ്രൊപ്പഗാന്റ സിനിമകളെ ആഘോഷമാക്കിയവർ എമ്പുരാനെതിരെ ആക്രോശിക്കാൻ കാരണവും മറ്റൊന്നല്ല.


Source link

Related Articles

Back to top button