‘ഇന്ത്യയിലെ ആ സംസ്ഥാനങ്ങൾക്ക് കര അതിർത്തി മാത്രം, സമുദ്രത്തിന്റെ കാവലാൾ ബംഗ്ലദേശ്’; ചൈനയിൽ യൂനുസ് പറഞ്ഞതിനെതിരെ വിമർശനം

ധാക്ക∙ ചൈനീസ് സന്ദർശനത്തിനിടെ ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളെക്കുറിച്ച് ബംഗ്ലദേശ് മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ് നടത്തിയ പരാമർശം വിവാദത്തിൽ. ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖല കരയാൽ മാത്രം ചുറ്റപ്പെട്ടതാണെന്നും കടൽബന്ധമില്ല എന്നുമായിരുന്നു യൂനുസിന്റെ പരാമർശം. ബംഗ്ലദേശിനു മാത്രമാണ് സമുദ്രത്തിലേക്ക് നേരിട്ട് ബന്ധമുള്ളത്. വികസനം വിപുലീകരിക്കാൻ ചൈനയ്ക്ക് ബംഗ്ലദേശിനെ ഉപയോഗിക്കാമെന്നും ബെയ്ജിങ്ങിൽ യൂനുസ് പറഞ്ഞു. ബംഗ്ലദേശിൽ ചൈനീസ് നിക്ഷേപം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യൻ സംസ്ഥാനങ്ങളെക്കുറിച്ചുള്ള യൂനുസിന്റെ വാക്കുകൾ. ‘‘ഇന്ത്യയുടെ 7 സംസ്ഥാനങ്ങൾ, സപ്ത സഹോദരിമാരെന്ന് അറിയപ്പെടുന്ന ഇന്ത്യയുടെ കിഴക്കൻ ഭാഗം. അതു കരയാൽ മാത്രം ചുറ്റപ്പെട്ട ഇന്ത്യയുടെ പ്രദേശമാണ്. അവർക്ക് കടലുമായി ബന്ധപ്പെടാൻ മാർഗമില്ല. ഇതൊരു വലിയ അവസരമാണ്. ചൈനീസ് സമ്പദ്‌വ്യവസ്ഥ വിപുലമാക്കാൻ ഇതിനെ ഉപയോഗിക്കാം. ഈ അവസരം മുതലാക്കി ഉപയോഗപ്പെടുത്തണം. ബംഗ്ലദേശില്‍നിന്ന് നിങ്ങൾക്ക് എവിടേക്കും പോകാനാകും. ഈ മേഖലയിലെ സമുദ്രത്തിന്റെ കാവലാൾ ഞങ്ങളാണ്. ഇതു വലിയ അവസരങ്ങളാണ് തുറന്നിടുന്നത്. ചൈനയ്ക്ക് ഇത് ഉപയോഗിക്കാം. നിർമാണങ്ങളും ഉൽപാദവും വിപണവും നടത്താം. ചൈനയിലേക്ക് പലതും കൊണ്ടുപോകാം. അവിടെനിന്ന് പലതും ലോകത്തിനു നൽകാം’–ബെയ്ജിങ്ങിലെ പ്രസിഡൻഷ്യൽ ഹോട്ടലിൽ ‘സുസ്ഥിര വികസനവും ഊർജവും’ എന്ന വിഷയത്തിൽ നടത്തിയ ഉന്നതതല ചർച്ചയിൽ യൂനുസ് അഭിപ്രായപ്പെട്ടു.അതേസമയം, ചൈനയെ ആകർഷിക്കാൻ വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ യൂനുസ് പരാമർശിച്ച രീതി ഇന്ത്യ ഗൗരവത്തോടെയാണ് കാണുന്നത്. ബംഗ്ലദേശിൽ ചൈനീസ് സ്വാധീനം വർധിക്കുന്നത് ഇന്ത്യയെ സംബന്ധിച്ച് വലിയ ഭീഷണിയുണ്ടാകുന്നതാണ്. ഇന്ത്യയുടെ മറ്റു പ്രദേശങ്ങളെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന ഏക പാതയായ സിലിഗുരി ഇടനാഴി അഥവാ ചിക്കൻസ് നെക്ക് എന്നറിയപ്പെടുന്ന പ്രദേശവുമായി ബംഗ്ലദേശിലെ ഒട്ടനേകം ഭാഗങ്ങൾ അതിര്‍ത്തി പങ്കിടുന്നതിനാൽ ഇന്ത്യയ്ക്ക് അതീവ തന്ത്രപ്രധാനമാണ് ബംഗ്ലദേശ്.
Source link