ഹർജി പ്രശസ്തിയ്ക്ക് വേണ്ടി; എമ്പുരാൻ പ്രദർശനം തടയണമെന്ന ഇടക്കാല ആവശ്യം തള്ളി ഹെെക്കോടതി

കൊച്ചി: എമ്പുരാൻ സിനിമയുടെ പ്രദർശനം തടയണമെന്നാവശ്യപ്പെട്ട് വിവി വിജീഷ് നൽകിയ ഹർജിയിൽ രൂക്ഷ വിമർശനവുമായി ഹെെക്കോടതി. ഹർജി ഫയലിൽ സ്വീകരിച്ചെങ്കിലും സിനിമ പ്രദർശനം തടയണമെന്ന ഇടക്കാല ആവശ്യം തള്ളി. ഹർജിക്ക് പിന്നിൽ പ്രശസ്തിയാണെന്നും ഉദ്ദേശ ശുദ്ധിയിൽ സംശയമുണ്ടെന്നും വ്യക്തമാക്കിയാണ് ഹെെക്കോടതി ഹർജിയിലെ ആവശ്യം തള്ളിയത്. ഹർജിയിൽ കേന്ദ്ര സർക്കാരിനും സെൻസർ ബോർഡിനും ഹെെക്കോടതി നോട്ടീസ് അയച്ചു. ഹർജിക്കാരൻ സിനിമ കണ്ടോയെന്ന് കോടതി ആരാഞ്ഞു.
സെൻസർ ബോർഡ് സിനിമ അംഗീകരിച്ചതല്ലേയെന്നും പിന്നെയെന്താണ് ആശയക്കുഴപ്പമെന്നും ഹർജിക്കാരനോട് കോടതി ചോദിച്ചു. പൊലീസ് എന്തെങ്കിലും കേസ് എടുത്തിട്ടുണ്ടോയെന്ന് കോടതി ചോദിച്ചപ്പോൾ ഇല്ലെന്ന് ഹർജിക്കാരൻ മറുപടി നൽകി. തുടർന്നാണ് പ്രശസ്തിക്ക് വേണ്ടിയാണോ ഹർജി എന്ന് കോടതി ചോദിച്ചത്.
സിനിമ രാജ്യവിരുദ്ധത പ്രചരിപ്പിക്കുന്നതും മതവിദ്വേഷത്തിന് വഴിമരുന്നിടുന്നുവെന്നും ഹർജിയില്‍ ആരോപിച്ചിരുന്നു. മോഹൻലാൽ, പൃഥ്വിരാജ്, ആന്റണി പെരുമ്പാവൂർ എന്നിവരെ കൂടാതെ കേന്ദ്രസർക്കാരിനെയും എതിർകക്ഷികൾ ആക്കിയിട്ടുണ്ട്. സംസ്ഥാന പൊലീസ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നിവരെയും ഹർജിയിൽ എതിർകക്ഷികൾ ആക്കിയിട്ടാണ് ഹര്‍ജി. കേന്ദ്ര പ്രതിരോധ മന്ത്രാലയത്തെയും ദേശീയ അന്വേഷണ ഏജൻസിയെയും സിനിമയിൽ വികലമാക്കി ചിത്രീകരിച്ചു എന്നും ഹർജിയിൽ പറയുന്നുണ്ട്.
അതേസമയം, വിവി വിജീഷിനെ ബിജെപിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെന്‍ഡ് ചെയ്തു. എമ്പുരാൻ സിനിമയുടെ സിനിമയുടെ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയതിനെ തുടർന്നാണ് സസ്പെന്‍ഡ് ചെയ്തത്. വിജീഷ് ഹൈക്കോടതിയിൽ നൽകിയ ഹർജിയുമായി ബിജെപിക്ക് ബന്ധമില്ലെന്നും സംസ്ഥാന അദ്ധ്യക്ഷൻ പറഞ്ഞതാണ് ബിജെപി നിലപാടെന്നും ഇത്തരത്തിൽ ഹര്‍ജി നൽകാൻ ആരെയും ബിജെപി ചുമതലപ്പെടുത്തിയിട്ടില്ലെന്നും തൃശൂര്‍ സിറ്റി ബിജെപി ജില്ലാ അദ്ധ്യക്ഷൻ ജസ്റ്റിൻ ജേക്കബ് പറഞ്ഞു.
Source link