തൃശൂരിലെ പ്രധാന മോഷ്ടാവിനെ കട്ടുപൂച്ചൻ‍ തിരിച്ചറിഞ്ഞു; കൂടുതൽ ‘കുറുവകൾ’ കുടുങ്ങും


ആലപ്പുഴ ∙ സംസ്ഥാനത്തു നടന്ന കുറുവ മോഷണങ്ങളിലെ പ്രധാനി വലയിലായതോടെ, പല ജില്ലകളിലെയും കുറുവ മോഷ്ടാക്കളുടെ വിവരങ്ങൾ ലഭ്യമായിത്തുടങ്ങി. കഴിഞ്ഞ ദിവസം അറസ്റ്റിലായ തമിഴ്നാട് രാമനാഥപുരം പാറമക്കുടി എംജിആർ നഗറിൽ കട്ടുപൂച്ചനിൽ (56) നിന്നാണു പൊലീസിനു കൂടുതൽ വിവരങ്ങൾ ലഭിച്ചത്. ഇയാൾ പ്രതിയായ മറ്റു കേസുകളിലെ ചില കൂട്ടുപ്രതികളെ സംബന്ധിച്ചും സൂചന കിട്ടിയിട്ടുണ്ട്. തൃശൂർ ജില്ലയിലെ ഒരു പ്രധാന മോഷ്ടാവിനെ സിസിടിവി ദൃശ്യങ്ങളിൽ നിന്നു കട്ടുപൂച്ചൻ‍ തിരിച്ചറിഞ്ഞു. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ഇയാളെ ഇതുവരെ തിരിച്ചറിയാൻ പൊലീസിനു കഴിഞ്ഞിരുന്നില്ല. ഇയാൾ മധുര, സേലം ഭാഗത്ത് ഇപ്പോഴുണ്ടെന്ന പ്രധാന വിവരവും ലഭിച്ചു. ഈ വിവരങ്ങൾ തൃശൂർ പൊലീസിനു കൈമാറി.ആലപ്പുഴ മണ്ണഞ്ചേരിയിലെ മോഷണങ്ങളിൽ കട്ടുപൂച്ചനൊപ്പമുണ്ടായിരുന്ന സന്തോഷ് ശെൽവത്തിന്റെ റിമാൻഡ് കാലാവധി അവസാനിക്കാറായതിനാൽ ഇയാൾ പുറത്തിറങ്ങി വീണ്ടും മോഷണത്തിലേക്കു തിരിഞ്ഞേക്കുമെന്ന ആശങ്കയുണ്ട്. അതിനു മുൻപ് അന്വേഷണം പൂർത്തിയാക്കാനുള്ള ശ്രമത്തിലാണു പൊലീസ്. പുന്നപ്ര, പുളിങ്കുന്ന് എന്നിവിടങ്ങൾക്കു പുറമേ കടത്തുരുത്തി, വടക്കൻ പറവൂർ, വടക്കേക്കര എന്നിവിടങ്ങളിലും കട്ടുപൂച്ചനെതിരെ കേസുകളുണ്ട്. മണ്ണഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്ത് അന്വേഷണം നടത്തിയതിനു ശേഷം ആ സ്റ്റേഷനുകളിൽ നിന്നും കസ്റ്റഡി അപേക്ഷ നൽകിയേക്കും.


Source link

Exit mobile version