വിമാനത്താവളത്തിലേക്കു പോകുംവഴി ജർമൻ യുവതിയെ ബലാത്സംഗം ചെയ്തു; ക്യാബ് ഡ്രൈവർക്കായി തിരച്ചിൽ

ഹൈദരാബാദ്∙ 25 കാരിയായ വിദേശവനിതയെ ബലാത്സംഗം ചെയ്ത് ക്യാബ് ഡ്രൈവർ. സുഹൃത്തിനെ കണ്ട ശേഷം വിമാനത്താവളത്തിലേക്കു പോവുകയായിരുന്ന ജർമൻ യുവതിയെ ആണ് പഹാഡിഷരീഫിലെ മാമിഡിപ്പള്ളിയിൽ ഒരു ക്യാബ് ഡ്രൈവർ ബലാത്സംഗം ചെയ്തത്. യുവതി തന്റെ സുഹൃത്തിനും മറ്റു ചിലർക്കുമൊപ്പം കാറിൽ നഗരം ചുറ്റി സഞ്ചരിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. മറ്റുള്ളവരെ ഇറക്കിയ ശേഷം ഡ്രൈവർ യുവതിയെ വിമാനത്താവളത്തിലേക്കു കൊണ്ടുപോയി. ഇതിനിടെ മാമിഡിപ്പള്ളിക്ക് സമീപം, ഒരു ഒറ്റപ്പെട്ട സ്ഥലത്ത് വാഹനം നിർത്തി. അവിടെ വച്ച് ഡ്രൈവർ സ്ത്രീയെ ബലാത്സംഗം ചെയ്ത ശേഷം സംഭവസ്ഥലത്തു നിന്നും രക്ഷപ്പെടുകയായിരുന്നു. യുവതി പൊലീസിനെ ബന്ധപ്പെടുകയും പരാതി നൽകുകയും ചെയ്തിട്ടുണ്ട്. ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 64 പ്രകാരം ബലാത്സംഗ കേസ് റജിസ്റ്റർ ചെയ്ത പൊലീസ് പ്രതിയെ പിടികൂടാനുള്ള തിരച്ചിലിലാണ്. യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി എന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും, ഡ്രൈവർ നടത്തിയ ഒറ്റപ്പെട്ട ആക്രമണമാണിതെന്ന് സ്ഥിരീകരിച്ചുകൊണ്ട് പൊലീസ് വാർത്തകൾ നിഷേധിച്ചു. യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ ഒരു സംഘം യുവതിയ്‌ക്കൊപ്പമുണ്ട്. പ്രതിയെ പിടികൂടാൻ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിട്ടുണ്ട്.
Source link