‘എല്ലാം ബിസിനസ്, ആളുകളെ ഇളക്കിവിട്ട് പണമുണ്ടാക്കുന്നു’; എമ്പുരാൻ വിവാദത്തിൽ സുരേഷ് ഗോപി

ന്യൂഡൽഹി: പൃഥ്വിരാജിന്റെ സംവിധാനത്തിലിറങ്ങിയ മോഹൻലാൽ ചിത്രം എമ്പുരാനുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. എന്താണ് വിവാദം? ആരാണ് വിവാദമുണ്ടാക്കിയത്? എല്ലാം ബിസിനസ് ആണ്. ആളുകളെ ഇളക്കിവിട്ട് പണമുണ്ടാക്കുകയാണ് എന്നാണ് വാർത്താ ഏജൻസിയോട് സുരേഷ് ഗോപി പ്രതികരിച്ചത്.
അതേസമയം, എമ്പുരാൻ സിനിമയുടെ മൂന്ന് മിനിട്ട് കട്ട് ചെയ്ത പുതിയ പതിപ്പ് ഇന്ന് തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ റീ സെൻസറിംഗ് ഞായറാഴ്‌ച പൂർത്തിയായിരുന്നു. എഡിറ്റിംഗും മാസ്റ്ററിംഗും പൂർത്തിയാക്കാൻ വൈകിയതാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത് വൈകാൻ കാരണം. ഹൈദരാബാദിൽ നടൻ നാഗാർജുനയുടെ ഉടമസ്ഥതയിലുള്ള അന്നപൂർണ സ്റ്റുഡിയോയിലാണ് മാസ്റ്ററിംഗ് ജോലികൾ നടന്നത്. പുതിയ പതിപ്പ് ഇന്ന് ഉച്ചയ്ക്ക് ശേഷം തിയേറ്ററുകളിൽ എത്തുമെന്നാണ് വിവരം. രാവിലെയുള്ള ഷോകളിൽ പഴയ പതിപ്പ് ആയിരിക്കും പ്രദർശിപ്പിക്കുക.
എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട വിവാദം പാർലമെന്റിൽ ഉന്നയിക്കാൻ ഒരുങ്ങുകയാണ് സിപിഎം. മറ്റ് സഭാ നടപടികൾ നിർത്തിവച്ച് വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് എഎ റഹീം എംപി രാജ്യസഭാ അദ്ധ്യക്ഷന് കത്ത് നൽകി. രാജ്യത്ത് ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റം സംഘപരിവാർ നടത്തുകയാണെന്നും ഇതാണ് എമ്പുരാൻ വിഷയത്തിൽ പ്രകടമാകുന്നതെന്നും റഹീം പറഞ്ഞു. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ തുടങ്ങിയ നേതാക്കളും മന്ത്രിമാരും തിയേറ്ററിലെത്തി എമ്പുരാൻ കണ്ട് ചിത്രത്തിന് പിന്തുണ നൽകിയിരുന്നു.
Source link