പൃഥ്വിരാജ് ചരിത്രം കുറിക്കുന്നു, അഭിമാനം: ചർച്ചയായി സുപ്രിയയുടെ പോസ്റ്റ്

വിവാദങ്ങൾക്കിടയിൽ പൃഥ്വിരാജിനു പിന്തുണയുമായി സുപ്രിയ മേനോന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറി. ചിത്രം ആഗോളതലത്തിൽ 200 കോടി ക്ലബിൽ ഇടംപിടിച്ചെന്ന ആശിർവാദ് സിനിമാസിന്റെ പോസ്റ്റർ പങ്കുവച്ചുകൊണ്ടാണ് പൃഥ്വിരാജിന് അഭിനന്ദനവുമായി ഭാര്യയും നിർമാതാവുമായ സുപ്രിയ മേനോൻ എത്തിയത്. പൃഥ്വിരാജ് ചരിത്രം കുറിക്കുകയാണെന്നും, പൃഥ്വിരാജിനെ ഓർത്ത് അഭിമാനം ഉണ്ടെന്നും സുപ്രിയ കുറിച്ചു. പൃഥ്വിരാജ് സുകുമാരനും കുടുംബവും സമാനതകളില്ലാത്ത സൈബർ ആക്രമണമാണ് നേരിടുന്നതിനിടെയാണ് താരത്തിന് പിന്തുണയുമായി ഭാര്യ സുപ്രിയ എത്തിയത്.പൃഥ്വിരാജിന്റെ അമ്മ മല്ലിക സുകുമാരൻ മകന് പിന്തുണയുമായി ചാനലുകളിൽ സംസാരിച്ചിരുന്നു. ഇതേതുടർന്ന് മല്ലിക സുകുമാരനും പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയയ്ക്കും എതിരെ ചില സംഘപരിവാർ നേതാക്കൾ വിദ്വേഷ പരാമർശങ്ങൾ നടത്തിയിരുന്നു. ‘മല്ലിക സുകുമാരന്റെ മരുമകൾ സുപ്രിയ മേനോൻ അർബൻ നക്സലാണ്. ആ അർബൻ നക്സൽ എഴുതിയ പോസ്റ്ററിൽ നാട്ടിലെ ജനങ്ങളോട് ‘തരത്തിൽ കളിക്കടാ എന്റെ ഭർത്താവിനോട് വേണ്ട’യെന്നാണ് എഴുതിയിരിക്കുന്നത്. ആദ്യം ആ അഹങ്കാരിയെ നിലയ്ക്ക് നിർത്താനാണ് അമ്മായിയമ്മ ശ്രമിക്കേണ്ടത്’, എന്നാണു ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ പറഞ്ഞത്. ഈ പരാമർശത്തിനെതിരെ കേരളത്തിലെ രാഷ്ട്രീയ നേതാക്കളടക്കം രംഗത്ത് വന്നിട്ടുണ്ട്.ബി. ഗോപാലകൃഷ്ണന് മറുപടിയുമായി കെ.എസ്. ശബരീനാഥൻ രംഗത്തുവരുകയുണ്ടായി. ‘‘ഒരു ശരാശരി ബിജെപി നേതാവിന്റെ മനസ്സ് എങ്ങനെ പ്രവർത്തിക്കുന്നു എന്നറിയണമെങ്കിൽ ബിജെപി നേതാവ് ഗോപാലകൃഷ്ണന്റെ ഇന്നത്തെ പ്രസ്താവന കേട്ടാൽ മതി “മല്ലിക സുകുമാരന്റെ മരുമകൾ സുപ്രിയ ഒരു അർബൻ നക്സലാണ്. അവരെ അമ്മായിയമ്മയായ മല്ലിക നിലക്കുനിർത്തണം” എന്നുവച്ചാൽ ഒന്ന്:- ബിജെപിയെ എതിർക്കുന്നവർ എല്ലാവരും അർബൻ നക്സലാണ്. രണ്ട്:-അമ്മായിയമ്മമാരുടെ തൊഴിൽ മരുമക്കളെ നിലക്കുനിർത്തുന്നതാണ്’’.
Source link