KERALAMLATEST NEWS

എമ്പുരാൻ പ്രദർശനം തടയാൻ ഹൈക്കോടതിയിൽ ഹർജി നൽകി ബിജെപി ജില്ലാ കമ്മിറ്റിയംഗം; കേണൽ പദവി തിരിച്ചെടുക്കണമെന്ന് കത്ത്

ന്യൂഡൽഹി: മോഹൻലാലിന്റെ ലെഫ്റ്റനന്റ് കേണൽ പദവി തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന് കത്തയച്ച് അഖില ഭാരതീയ മലയാളി സംഘ്. എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് കത്തയച്ചത്.

എമ്പുരാനിലെ കഥാപാത്രത്തിലൂടെ സൈനിക പദവിയുടെ അന്തസ് കളഞ്ഞെന്നാണ് അഖില ഭാരതീയ മലയാളി സംഘ് ആരോപിച്ചിരിക്കുന്നത്. രാജ്യസ്‌നേഹമുണർത്തുന്ന രീതിയിലുള്ള നിരവധി ചിത്രങ്ങളിൽ മോഹൻലാൽ അഭിനയിച്ചിരുന്നു. ഇത് യുവാക്കളെ പ്രചോദിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മോഹൻലാലിന് ലെഫ്റ്റനന്റ് കേണൽ പദവി നൽകിയത്. എന്നാൽ മോഹൻലാൽ ഇപ്പോൾ ചെയ്യുന്ന ചിത്രങ്ങൾ ഹിന്ദുക്കളെയും രാജ്യത്തെയും അപമാനിക്കുന്നതാണെന്ന് കത്തിൽ പറയുന്നു.

എമ്പുരാൻ ഇന്ത്യ ഭരിക്കുന്നവരെ അപകീർത്തിപ്പെടുത്തുന്ന സിനിമയാണെന്നും മോഹൻലാലിന്റെ ലെഫ്‌റ്റനന്റ് കേണൽ പദവി തിരികെവാങ്ങണമെന്നും ബിജെപി ദേശീയ കൗൺസിൽ അംഗം സി രഘുനാഥും നേരത്തെ ആവശ്യപ്പെട്ടിരുന്നു.

അതേസമയം എമ്പുരാൻ സിനിമയുടെ പ്രദർശനം തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകി. ബി ജെ പി തൃശൂർ ജില്ലാ കമ്മിറ്റി അംഗം വിജീഷാണ് ഹർജി നൽകിയത്. സിനിമ രാജ്യവിരുദ്ധത പ്രചരിപ്പിക്കുന്നെന്നും മതവിദ്വേഷത്തിന് വഴിമരുന്നിടുന്നെന്നും അതിനാൽ പ്രദർശനം തടയണമെന്നുമാണ് ഹർജിയിൽ പറയുന്നത്. ബിജെപിയുടെ അറിവോടെ അല്ല പരാതി നൽകിയതെന്ന് വിജീഷ്‌ പറഞ്ഞു.എമ്പുരാനിൽ ദേശീയ അന്വേഷണ ഏജൻസിയെ വികലമായി ചിത്രീകരിക്കുന്നു. കൂടാതെ ചരിത്രത്തെ വളച്ചൊടിക്കുകയാണെന്നും അതിനാൽ അടിയന്തരമായി സിനിമയുടെ പ്രദർശനം നിർത്തണമെന്നുമാണ് ഹർജിയിൽ ആവശ്യപ്പെടുന്നത്. കേന്ദ്ര ഫിലിം സെൻസർ ബോർഡിനെയടക്കം എതിർകക്ഷിയാക്കിയാണ് ഹർജി നൽകിയത്.
TAGS: MOHANLAL, LIEUTENANT, EMPURAN, RAJNATH SINGH, LATESTNEWS, KERALA, HIGH COURT


Source link

Related Articles

Back to top button