‘ലോകം നോക്കി നിൽക്കരുത്; ഗാസയിൽ 10 ദിവസത്തിനിടെ കൊല്ലപ്പെട്ടത് 322 കുട്ടികൾ, 609 പേർക്ക് പരുക്ക്’

വാഷിങ്ടൻ ∙ ഗാസയിൽ ഇസ്രയേൽ തുടരുന്ന ആക്രമണത്തിൽ കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ ചുരുങ്ങിയത് 322 കുട്ടികൾ മരിക്കുകയും 609 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി യുനിസെഫ്. മാർച്ച് 23ന് തെക്കൻ ഗാസയിലെ അൽ നാസർ ആശുപത്രിയിലെ സർജിക്കൽ വിഭാഗത്തിൽ നടന്ന ആക്രമണത്തിൽ കൊല്ലപ്പെടുകയും പരുക്കേൽക്കുകയും ചെയ്ത കുട്ടികൾ ഈ കണക്കുകളിൽ ഉൾപ്പെടുന്നുവെന്ന് ഐക്യരാഷ്ട്രസംഘനയുടെ കുട്ടികളുടെ ഏജൻസി അറിയിച്ചു.കൊല്ലപ്പെടുകയും പരുക്കേൽക്കുകയും ചെയ്ത കുട്ടികളിൽ ഭൂരിഭാഗവും കുടിയിറക്കപ്പെട്ടവരാണ്. താൽക്കാലിക കൂടാരങ്ങളിലോ കേടുപാടുകൾ സംഭവിച്ച വീടുകളിലോ ആണ് ഇവർ അഭയം തേടിയിരുന്നത്. രണ്ട് മാസത്തേക്ക് വെടിനിർത്തൽ അവസാനിപ്പിച്ച ഇസ്രയേൽ മാർച്ച് 18ന് ഗാസയിൽ തീവ്രമായ ബോംബാക്രമണം പുനരാരംഭിച്ചതാണ് പ്രശ്നങ്ങൾ ഗുരുതരമാക്കിയത്.ഗാസയിലെ വെടിനിർത്തൽ കുട്ടികൾക്ക് പ്രതീക്ഷ നൽകിരുന്നുവെന്ന് യുനിസെഫ് എക്സിക്യൂട്ടീവ് ഡയറക്ടർ കാതറിൻ റസൽ പറഞ്ഞു. എന്നാൽ കുട്ടികൾ വീണ്ടും മാരകമായ ആക്രമണത്തിന്റെയും ദാരിദ്ര്യത്തിന്റെയും ഒരു ചക്രത്തിലേക്ക് തള്ളിവിടപ്പെട്ടിരിക്കുകയാണ്. രാജ്യാന്തര മാനുഷിക നിയമപ്രകാരം കുട്ടികളെ സംരക്ഷിക്കുന്നതിന് എല്ലാ കക്ഷികളും അവരുടെ കടമകൾ പാലിക്കണമെന്നും കാതറിൻ റസൽ ആവശ്യപ്പെട്ടു.
Source link