ഡോണൾഡ് ട്രംപ് സൗദി അറേബ്യയിലേക്ക്; യുഎഇയും ഖത്തറും സന്ദർശിക്കും

വാഷിങ്ടൻ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അടുത്ത മാസം സൗദി അറേബ്യ സന്ദർശിച്ചേക്കും. അധികാരത്തിൽ തിരിച്ചെത്തിയതിനു ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ വിദേശ യാത്രയാണിത്. ട്രംപ് തന്നെയാണ് ഇക്കാര്യം യുഎസ് മാധ്യമങ്ങളെ അറിയിച്ചത്. ‘‘അടുത്ത മാസം ആകാം, ഒരുപക്ഷേ അൽപം വൈകിയായിരിക്കാം. ഖത്തറിലേക്കും പോകുന്നുണ്ട്. കൂടാതെ മറ്റ് രണ്ടു രാജ്യങ്ങളിലേക്കും പോകും. യുഎഇ വളരെ പ്രധാനമാണ്. യുഎഇയിലേക്കും ഖത്തറിലേക്കും പോകും’’ – ട്രംപ് പറഞ്ഞു.2017 ൽ പ്രസിഡന്റായ ശേഷം ട്രംപ് നടത്തിയ ആദ്യ വിദേശ സന്ദർശനം സൗദി അറേബ്യയിലേക്കായിരുന്നു. തന്റെ ആദ്യ ഭരണകാലത്ത് അദ്ദേഹം റിയാദുമായി അടുത്ത ബന്ധം സ്ഥാപിച്ചിരുന്നു. പശ്ചിമേഷ്യൻ രാജ്യങ്ങളുമായി തനിക്ക് നല്ല ബന്ധമാണ് ഉള്ളതെന്നും ട്രംപ് പറഞ്ഞു. റഷ്യയും യുക്രെയ്‌നും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസിന്റെ ശ്രമങ്ങളിൽ സൗദി അറേബ്യ പ്രധാന പങ്കാണ് വഹിക്കുന്നത്.യുഎസും റഷ്യയും തമ്മിലുള്ള മധ്യസ്ഥ ചർച്ചകൾക്ക് ആതിഥേയത്വം വഹിച്ചത് സൗദി ആയിരുന്നു. തുടർന്ന് യുഎസും യുക്രെയ്‌നും തമ്മിലും സംഭാഷണം നടന്നു. ഏപ്രിൽ 27ന് സൗദി സന്ദർശിക്കാനാണ് തീരുമാനിച്ചിരുന്നതെന്നും പിന്നീട് വൈറ്റ്ഹൗസ് അത് മേയ് മധ്യത്തിലേക്കു മാറ്റുകയായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. 2017ലെ സന്ദർശനത്തിൽ 350 ബില്യൺ ഡോളർ വിലമതിക്കുന്ന സൗദി നിക്ഷേപങ്ങൾ ട്രംപ് പ്രഖ്യാപിച്ചിരുന്നു.
Source link