‘കേരളത്തിലും മാതൃഭാഷാ സ്നേഹം; മറാഠി സംസാരിക്കാൻ വിസമ്മതിച്ചാൽ ചിലപ്പോൾ അടി കിട്ടിയേക്കാം’

മുംബൈ ∙ മറാഠി സംസാരിക്കാൻ വിസമ്മതിക്കുന്നവരുടെ മുഖത്ത് അടി കിട്ടിയാൽ പരിതപിച്ചിട്ട് കാര്യമില്ലെന്ന് മഹാരാഷ്ട്ര നവനിർമാൺ സേനാ (എംഎൻഎസ്) അധ്യക്ഷൻ രാജ് താക്കറെ പറഞ്ഞു. മുംബൈയിൽ ജീവിക്കുകയും മറാഠിയോട് അനാദരവു കാട്ടിയാൽ അത് അംഗീകരിക്കാനാകില്ലെന്ന് മറാഠി പുതുവർഷമായ ഗുഢീ പാഡ്‌വയോട് അനുബന്ധിച്ചു നടത്തിയ സമ്മേളനത്തിൽ രാജ് വ്യക്തമാക്കി.‘‘എല്ലാ സംസ്ഥാനങ്ങൾക്കും അവരവരുടെ ഭാഷയുണ്ട്. അത് ബഹുമാനിക്കപ്പെടണം. ബാങ്കുകളിലും സ്ഥാപനങ്ങളിലും മറാഠി ഉപയോഗിക്കുന്നുണ്ടോയെന്ന് പരിശോധിക്കണം. മറാഠി ഉറപ്പാക്കാൻ ശ്രമം ഉണ്ടാകണം. ഹിന്ദി അടിച്ചേൽപിക്കാനുള്ള തീരുമാനത്തെ തമിഴ്നാട് എത്ര ശക്തമായാണ് പ്രതിരോധിക്കുന്നത്. കേരളത്തിലും മാതൃഭാഷാ സ്നേഹം കാണാം. ജനങ്ങളെ ജാതിയുടെ പേരിൽ വേർതിരിച്ചു കാണരുത്. യഥാർഥ വിഷയങ്ങളെ മറയ്ക്കാനാണ് ജാതിയുടെ പേരിൽ ആളുകളെ ഭരണാധികാരികൾ ഭിന്നിപ്പിക്കുന്നത്.ചരിത്രപരമായ കാര്യങ്ങളെക്കുറിച്ച് വാട്സാപ്പിൽ വരുന്ന കുറിപ്പുകൾ വിശ്വസിക്കരുത്. ചരിത്രത്തെ വളച്ചൊടിക്കുകയാണ് അവയുടെ ലക്ഷ്യം. അവ ശരിയാണെന്നു ധരിക്കരുത്. രാഷ്ട്രീയ നേട്ടത്തിനായി ആളുകളെ ഭിന്നിപ്പിക്കാൻ പലരും ചരിത്രത്തെ വളച്ചൊടിക്കുന്നുണ്ട്. മറാഠികൾ ഒരുമിച്ചു നിൽക്കുന്നതു തടയുക എന്നതും അവരുടെ ലക്ഷ്യമാണ്. മുംബൈ രാജ്യാന്തര വിമാനത്താവളം, നിർദിഷ്ട നവിമുംബൈ വിമാനത്താവളം, ധാരാവി പുനർനിർമാണം എന്നിവയെല്ലാം എങ്ങനെയാണ് അദാനിയുടെ കൈകളിൽ എത്തിയതെന്നു നോക്കുക. അദ്ദേഹം നമ്മളേക്കാൾ ബുദ്ധിപരമായി കാര്യങ്ങൾ നീക്കുന്നു’’ – രാജ് താക്കറെ പറഞ്ഞു.
Source link