ചുട്ടു പഴുത്തിട്ടും വൈദ്യുതി ഉപഭോഗം കുറഞ്ഞു, അധിക താരിഫ് പേടിയിൽ ജനം

പി.എച്ച്. സനൽകുമാർ | Tuesday 01 April, 2025 | 4:45 AM
തിരുവനന്തപുരം: കെ.എസ്.ഇ.ബിയുടെ താരിഫ് പേടിച്ച് ചുട്ടുപൊള്ളിയിട്ടും അധിക വൈദ്യുതി ഉപയോഗിക്കാതെ മലയാളികൾ. രാത്രിയിലെ വൈദ്യുതി ഉപഭോഗത്തിന് 25 ശതമാനം അധികനിരക്ക് വാങ്ങുന്ന ടൈം ഒഫ് ദ ഡേ താരിഫാണ് (ടി.ഒ.ഡി) തിരിച്ചടിയായത്. ഇന്നലെ 96.69 ദശലക്ഷം യൂണിറ്റായിരുന്നു സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം. മാർച്ചിൽ ശരാശരി 97.49 ദശലക്ഷം യൂണിറ്റും. കഴിഞ്ഞ വർഷമിത് 100 ദശലക്ഷത്തിൽ കൂടുതലായിരുന്നു. ഇങ്ങനെ പോയാൽ ഈ വേനലിൽ സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി കുറയുമെന്നാണ് പ്രതീക്ഷ. ഏപ്രിലിലും സമാനമായ ട്രെൻഡ് തുടരുമെന്നാണ് കെ.എസ്.ഇ.ബിയുടെ കണക്കു കൂട്ടൽ.
വൈകിട്ട് ആറ് മുതൽ 10 വരെയുള്ള പീക്ക് സമയത്തെ കൂടുതൽ ഉപഭോഗത്തിന് വൻതുകയ്‌ക്ക് ഓപ്പൺ എക്സചേഞ്ചിൽ നിന്ന് വൈദ്യുതി വാങ്ങേണ്ടിവരും. അതിന്റെ നഷ്ടം നികത്താൻ ഉപഭോക്താക്കൾ സർചാർജ്ജും നൽകണം. മുമ്പ് ജനുവരിയിലെ ഉപഭോഗത്തെക്കാൾ 40 ശതമാനം അധികമായിരിക്കും മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിൽ. എന്നാൽ ഇത്തവണ അതുണ്ടായില്ല. അതേസമയം വൈദ്യുതി സർചാർജ്ജ് യൂണിറ്റിന് ഏഴ് പൈസ ഇന്ന് മുതൽ കുറയും. ജനുവരി മുതൽ ഇടാക്കിയിരുന്ന 19 പൈസയാണ് ഏഴായി കുറയുന്നത്.
ടി.ഒ.ഡി താരിഫ്
രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെ- ശതമാനം നിരക്ക് 10 കുറയും
വൈകിട്ട് ആറ് മുതൽ രാത്രി 10 വരെ- 25 ശതമാനം അധിക നിരക്ക്
രാത്രി 10 മുതൽ രാവിലെ അറ് വരെ സാധാരണനിരക്ക്
100 ദശലക്ഷത്തിൽ നിന്ന് താഴേക്ക്
ജനുവരിയിലെ ശരാശരി വൈദ്യുതി ഉപഭോഗം- 83.7ദശലക്ഷം യൂണിറ്റ്
ഫെബ്രുവരി- 98.03 ദശലക്ഷം
മാർച്ച് ആദ്യവാരം- 100 ദശലക്ഷം
മാർച്ച് അവസാനം: 90 – 97 ദശലക്ഷം
വേനലിൽ പ്രതീക്ഷിച്ച ഉപഭോഗം-125 ദശലക്ഷം
കഴിഞ്ഞ വർഷത്തെ ശരാശരി ഉപഭോഗം- 115.24 ദശലക്ഷം
Source link