പങ്കാളിയുടെ താത്പര്യങ്ങൾ തീരുമാനിക്കാനുള്ള അധികാരത്തിന് കട്ട്

□അന്ധവിശ്വാസിയായ ഭർത്താവിൽ നിന്ന് യുവതിക്ക് വിവാഹ മോചനം
കൊച്ചി: ആത്മീയ കാര്യങ്ങളിലടക്കം പങ്കാളിയുടെ താത്പര്യങ്ങൾ തീരുമാനിക്കാനുള്ള അധികാരമല്ല വിവാഹമെന്ന് ഹൈക്കോടതി. പങ്കാളിയെ കടുത്ത മാനസിക വിഷമത്തിലേക്ക് നയിക്കുന്ന അവഗണനയും സ്നേഹക്കുറവും അവകാശ നിഷേധവും ക്രൂരതയ്‌ക്ക് തുല്യമാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് എം.ബി. സ്നേഹലത എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് വിലയിരുത്തി.
അന്ധവിശ്വാസം പുലർത്തുകയും അതിനായി നിർബന്ധിക്കുകയും ചെയ്ത ഭർത്താവിൽ നിന്ന് ആയുർവേദ ഡോക്ടറായ യുവതിക്ക് വിവാഹ മോചനം അനുവദിച്ച മൂവാറ്റുപുഴ കുടുംബകോടതിയുടെ വിധി ശരിവച്ചാണ് ഉത്തരവ്.2016ലായിരുന്നു ദമ്പതികളുടെ വിവാഹം. പൂജകളിലും തീർത്ഥാടനങ്ങളിലും മുഴുകിയ ഭർത്താവിന് ലൈംഗിക ബന്ധത്തിലോ കുട്ടികളുണ്ടാകുന്നതിലോ താത്പര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് യുവതി വിവാഹമോചനം തേടിയത്. പി.ജി പഠനം നിഷേധിച്ചെന്നും സ്റ്റൈപ്പെൻഡ് ദുരുപയോഗം ചെയ്തെന്നും പരാതിയുണ്ടായി. ഒരു തവണ വിഷയം ഒത്തുതീർപ്പായെങ്കിലും ഭർത്താവ് വീണ്ടും അന്ധവിശ്വാസങ്ങളിലേക്ക് നീങ്ങി. പരാതിക്കാരിയെ അതിന് നിർബന്ധിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് കുടുംബ കോടതി വിവാഹമോചനം അനുവദിച്ചത്. ഇതിനെതിരെ അപ്പീലുമായി ഭർത്താവ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ഭാര്യയെ താൻ അവഗണിച്ചെന്ന ആരോപണം ഹർജിക്കാരൻ നിഷേധിച്ചു. പി.ജി പഠനം പൂർത്തിയായ ശേഷം മതി കുട്ടികളെന്ന് തീരുമാനിച്ചത് ഭാര്യയാണ്. സർക്കാർ ജോലി കിട്ടിയ ഭാര്യയുടെ ശമ്പളം വാങ്ങിയെടുക്കാനായി അവരുടെ മാതാപിതാക്കളാണ് പരാതിക്ക് പിന്നിലെന്നും ആരോപിച്ചു.ദാമ്പത്യ ജീവിതത്തിൽ അനുഭവിച്ച മാനസിക വിഷമം ഒരു സ്ത്രീ വിശദീകരിക്കുമ്പോൾ അവിശ്വസിക്കേണ്ടതില്ലെന്ന് കോടതി പറഞ്ഞു. ശാരീരിക ബന്ധം ഒഴിവാക്കുകയും കുട്ടികൾ വേണമെന്ന ഭാര്യയുടെ ആഗ്രഹം അവഗണിക്കുകയും ചെയ്യുന്ന ഹർജിക്കാരൻ ഭർത്താവെന്ന കർത്തവ്യം നിർവഹിക്കുന്നില്ല. കുടുംബ ജീവിതത്തേക്കാൾ ആത്മീയ ജീവിതമാണ് ആഗ്രഹിക്കുന്നത്. കാര്യങ്ങൾ തെളിവു സഹിതം വിലയിരുത്തിയാണ് കുടുംബ കോടതി വിവാഹമോചനം അനുവദിച്ചതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
Source link